ഓണം വന്ന് ഓണം വന്ന് ഓണം വന്നേ...

Posted on: 19 Aug 2015കാഞ്ഞങ്ങാട്: അത്തം പിറന്നു. ഇനി പത്തുനാള്‍ ഓണത്തിരക്കും ആഘോഷവുമാണ്. പൂക്കളമിട്ടും കലാ-കായിക മത്സരങ്ങള്‍ നടത്തിയും ഓണക്കാലത്തിന് പൊലിമ കൂട്ടാനുള്ള തയ്യാറെടുപ്പുകൂടിയാണ് അത്തം. മഹാവിഷ്ണുവിന്റെ പത്ത് അവതാര സങ്കല്പമായും അത്തം മുതല്‍ പത്ത് ദിവസത്തെ ചൂണ്ടിക്കാട്ടുന്നു. അത്തം ദിനത്തില്‍ ഓരോ ദിവസവും ഇടുന്ന പൂക്കള്‍ക്കുമുണ്ട് കണക്ക്. തുമ്പപ്പൂവിലാണ് തുടക്കം. കാസര്‍കോട്ടുകാര്‍ ചിങ്ങം ഒന്നുമുതല്‍ തന്നെ പൂക്കളമിട്ടുതുടങ്ങും. ചിങ്ങവെള്ളമാണ് ഇവിടത്തെ മറ്റൊരു പ്രിത്യേകത. സൂര്യോദയത്തിന് മൂമ്പ് കിണ്ടിയില്‍ വെള്ളം നിറച്ച് അതിനുമുകളില്‍ തുളസിവെയ്ക്കും. ഈ തീര്‍ഥജലത്തിന് മുമ്പിലിരുന്നാണ് കൃഷ്ണഗാഥ പാടുന്നത്. അത്തം കറുത്താല്‍ ഓണം വെളുക്കും എന്നാണ് ചൊല്ല്. വിഷപച്ചക്കറിയെ വേണ്ടെന്നുെവച്ചും ജൈവപച്ചക്കറിയെ പ്രോത്സാഹിപ്പിച്ചും ഓണച്ചന്തകളുമെത്തിയിട്ടുണ്ട് നാട്ടില്‍. വീട്ടുസാധനങ്ങളുടെ വിലക്കയറ്റം ഇക്കുറി പൊന്നോണത്തിന്റെ പൊലിമ കുറച്ചേക്കുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍. പഴവര്‍ഗങ്ങള്‍ക്കുമുണ്ട് തീവില. തെരുവോരകച്ചവടക്കാരും ഇത്തവണ കുറവാണ്. ഓണക്കാലമെത്തുംമുമ്പേ ജില്ലയുടെ തെരുവോരങ്ങള്‍ ചെറുവിപണിയുടെ മായിക ലോകം തീര്‍ക്കാറുണ്ടായിരുന്നു. കാഞ്ഞങ്ങാട് അടക്കമുള്ള പട്ടണങ്ങളില്‍ ഇക്കുറി തെരുവോരകച്ചവടക്കാര്‍ കൂടുതലായി എത്തിയിട്ടില്ല. തണല്‍മരങ്ങള്‍ ഇല്ലാതായതും മഴ അകലാത്തായതുമെല്ലാം ഈ വിഭാഗക്കാരെ പിന്നോട്ടടിപ്പിക്കുകയാണ്. ഓഫറുകളുമായി നേരത്തേ തന്നെ വ്യാപാരസ്ഥാപനങ്ങളും ഓണത്തെ വരവേല്‍ക്കാന്‍ തയ്യാറെടുത്തിട്ടുണ്ട്.

More Citizen News - Kasargod