'ബാലമുകുളം' ആരോഗ്യപരിശോധന തുടങ്ങി

Posted on: 19 Aug 2015പടന്ന: ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ഭാരതീയ ചികിത്സാ വകുപ്പ് സ്‌കൂളുകളില്‍ നടപ്പാക്കുന്ന 'ബാലമുകുളം' സ്‌കൂള്‍ ആരോഗ്യ പദ്ധതിയുടെ ഭാഗമായുള്ള ആരോഗ്യ പരിശോധനയ്ക്ക് തുടക്കമായി. ജില്ലയില്‍ നാല് സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. വലിയപറമ്പ് ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെ നേതൃത്വത്തില്‍ പടന്ന കടപ്പുറം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രൈമറി വിഭാഗത്തിലെ 250 കുട്ടികളെ പരിശോധിച്ചു.
ആയുര്‍വേദ ഔഷധങ്ങളിലൂടെയും ജീവിതശൈലികളിലൂടെയും കുട്ടികളില്‍ രോഗപ്രതിരോധശക്തി ഉണ്ടാക്കിയെടുക്കുകയെന്നതാണ് ലക്ഷ്യം. ഇതിനായി കുട്ടികളുടെ ഇപ്പോഴത്തെ ആരോഗ്യനില കണ്ടെത്തുന്നതിനുള്ള സമഗ്ര ആരോഗ്യസര്‍വേ രണ്ടുദിവസങ്ങളിലായി നടന്നു. കുട്ടികള്‍ക്ക് നല്കിയ ആരോഗ്യ കാര്‍ഡുകളില്‍ ബുദ്ധിശക്തി, മാനസികാരോഗ്യം, രക്തഗ്രൂപ്പ് എന്നിവ രേഖപ്പെടുത്തി. അടുത്തഘട്ടത്തില്‍ ഓരോമാസവും ആരോഗ്യപരിശോധനയും സൗജന്യ മരുന്ന്വിതരണവും നടക്കും. ആറുമാസമാണ് പദ്ധതിയുടെ കാലാവധി.
ആരോഗ്യ പരിശോധനയ്ക്ക് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ശ്യാമള, പ്രഥമാധ്യാപിക രേണുകാദേവി ചങ്ങാട്ട്, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് കെ.അനൂപ്, ഡോക്ടര്‍മാരായ കെ.ബേബിസുഭദ്ര, കെ.പ്രിയ, പി.കെ.അബ്ദുള്‍ മുനീര്‍, കെ.വി.ആശ, കെ.ദീപ, കെ.വി.നിഷ എന്നിവര്‍ നേതൃത്വംനല്കി.

More Citizen News - Kasargod