ഡി.സി.സി.യില്‍ കിനാനൂര്‍-കരിന്തളം മണ്ഡലത്തെ തഴഞ്ഞു; നേതൃത്വത്തിന്റെ പദയാത്രാ നിര്‍ദേശം തള്ളി

Posted on: 19 Aug 2015നീലേശ്വരം: ഡി.സി.സി. പുനഃസംഘടനയില്‍ കിനാനൂര്‍-കരിന്തളം മണ്ഡലത്തെ അവഗണിച്ചതില്‍ പ്രതിഷേധം ശക്തമായി. ഇതേത്തുടര്‍ന്ന് നേതൃത്വം നിര്‍ദേശിച്ച പദയാത്ര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ബഹിഷ്‌കരിച്ചു. ഇതിനുപുറമെ ക്വിറ്റ് ഇന്ത്യാദിനത്തില്‍ ആരംഭിച്ച് സ്വാതന്ത്ര്യദിനത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ച ഭവനസന്ദര്‍ശനവും ലഘുലേഖവിതരണവും മണ്ഡലത്തില്‍ നടന്നില്ല.
ജില്ലയിലെ മണ്ഡലങ്ങളിലെല്ലാം പദയാത്ര നടന്നപ്പോള്‍ പദയാത്ര നടത്താത്ത മണ്ഡലം കമ്മിറ്റികള്‍ പിരിച്ചുവിടുമെന്ന നേതൃത്വത്തിന്റെ മുന്നറിയിപ്പ് മണ്ഡലം നേതാക്കള്‍ മുഖവിലയ്‌ക്കെടുത്തില്ല. നേതൃത്വം മണ്ഡലംകമ്മിറ്റിയുമായി ചര്‍ച്ചനടത്തിയെങ്കിലും പദയാത്ര നടത്താന്‍ തയ്യാറായില്ല. ഗ്രൂപ്പ് വേര്‍തിരിവ് ഇല്ലാതെയുള്ള മണ്ഡലംകമ്മിറ്റിയുടെ പ്രവര്‍ത്തനം മാതൃകാപരമായിട്ടും ഡി.സി.സി. നേതൃത്വം പൂര്‍ണമായും മണ്ഡലത്തെ തഴയുകയായിരുന്നു. കെ.പി.ബാലകൃഷ്ണന് ബ്ലോക്ക് കമ്മിറ്റി ജനറല്‍ സെക്രട്ടറി സ്ഥാനം നല്കാത്തതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഡി.സി.സി. തീരുമാനം അവഗണിച്ചതിന് മണ്ഡലം പ്രസിഡന്റ് സി.വി.ഗോപകുമാറിനെതിരെ അച്ചടക്കനടപടി വന്നാല്‍തന്നെ പകരം ഭാരവാഹിത്വം ഏറ്റെടുക്കാന്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കളാരും തയ്യാറാകില്ലെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശം മണ്ഡലംകമ്മിറ്റി അംഗീകരിക്കാന്‍ സാധ്യത ഉണ്ടാകില്ലെന്ന് പറയുന്നു.

More Citizen News - Kasargod