സിറ്റിങ് നടത്തി

Posted on: 19 Aug 2015കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത ദുരിതബാധിതര്‍ക്കുള്ള പുതിയ മെഡിക്കല്‍ ക്യാമ്പുകളെക്കുറിച്ച് സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ.മോഹന്‍കുമാര്‍ പറഞ്ഞു. കാസര്‍കോട് അതിഥിമന്ദിരത്തില്‍ നടത്തിയ സിറ്റിങ്ങില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പരാതികള്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 11 പരാതികളാണ് കമ്മീഷന് ലഭിച്ചത്. ദുരിതബാധിതനായിട്ടും ലിസ്റ്റില്‍പ്പെടാത്തവര്‍ക്കായി എന്തുനടപടി കൈക്കൊള്ളാന്‍ സര്‍ക്കാറിനു കഴിയും എന്ന് അറിയേണ്ടതുണ്ട്. പലതവണ ക്യാമ്പുകള്‍ നടത്തിയിട്ടും എന്തുകൊണ്ട് ഇവര്‍ പുറത്തായി, പുതിയ ക്യാമ്പുകള്‍ വെക്കുന്നതിനെക്കുറിച്ച് സര്‍ക്കാറിന് എന്തുതീരുമാനമെടുക്കാന്‍ കഴിയും തുടങ്ങിയവയ്ക്ക് ഉടന്‍ തീരുമാനമുണ്ടാകണം. ഇതുസംബന്ധിച്ച് 60 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ കളക്ടറോട് ആവശ്യപ്പെട്ടു. ഉജാറുള്‍വാര്‍ ജി.ബി.എല്‍.പി. സ്‌കൂള്‍ യു.പി. സ്‌കൂളായി ഉയര്‍ത്തണമെന്ന് വിദ്യാര്‍ഥികളുടെ പരാതിയില്‍ തീരുമാനമെടുക്കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടറോട് ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലയിലെ മരക്കാപ്പ് കടപ്പുറം ഗവ. ഫിഷറീസ് സ്‌കൂളില്‍ ആനുപാതികമായ ഡിവിഷന്‍ ഇല്ല എന്ന വിഷയത്തില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ സെക്രട്ടറിയോട് വിശദീകരണം തേടിയിട്ടുണ്ട്.

More Citizen News - Kasargod