കാരുണ്യവുമായി ഡി.വൈ.എഫ്.ഐ.; ഇനി മഹേന്ദ്രപ്രസാദിന് പഠിക്കാം

Posted on: 19 Aug 2015രാജപുരം: കരുണയുടെ കൈത്താങ്ങുമായി ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരെത്തി, ഇനി മഹേന്ദ്രപ്രസാദിന് പഠിച്ചുവളരാം. പട്ടയമില്ലാത്ത പത്ത് സെന്റിലെ ഒറ്റമുറി വീട്ടില്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവരുമോയെന്ന വിഷമത്തോടെ കഴിഞ്ഞിരുന്ന മഹേന്ദ്രപ്രസാദിന്റെയും കുടുംബത്തിന്റെയും ദുരിതത്തെക്കുറിച്ച് മാതൃഭൂമി കഴിഞ്ഞദിവസം വാര്‍ത്തനല്കിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഡി.വൈ.എഫ്.ഐ. പനത്തടി ബ്ലോക്ക് കമ്മിറ്റി അംഗങ്ങളാണ് മഹേന്ദ്രപ്രസാദിന്റെ ഡിഗ്രി പഠനച്ചെലവ് ഏറ്റെടുത്ത് മാതൃകയായത്.
ബളാല്‍ കോട്ടക്കുന്നിലെ കെ.കൃഷ്ണന്റെയും സുലോചനയുടെയും മകനാണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ മഹേന്ദ്രപ്രസാദ്. ചെര്‍ക്കള മാര്‍തോമ ബധിരവിദ്യാലത്തില്‍ ബി.കോം. വിദ്യാര്‍ഥിയായ മഹേന്ദ്രയ്ക്ക് ജന്മനാ സംസാരശേഷിയും കേള്‍വിശക്തിയുമില്ല. പഠനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി തുക കണ്ടെത്താനാവാത്തതിനാല്‍ പഠനം ഉപേക്ഷിക്കേണ്ടിവരുമോയെന്ന ആശങ്കയിലായിരുന്നു മഹേന്ദപ്രസാദും കുടുംബവും.
പഠനച്ചെലവിനുള്ള ആദ്യഗഡു തുക അച്ഛന്‍ കെ.കൃഷ്ണന് ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി ഷാലു മാത്യു കൈമാറി. പ്രസിഡന്റ് മധു കോളിയാര്‍, കെ.വേണുഗോപാല്‍, ആര്‍.രാജേഷ് എന്നിവരും വീട്ടിലെത്തിയിരുന്നു.

More Citizen News - Kasargod