ഇടതില്‍ അടിയുറച്ച് കയ്യൂര്‍-ചീമേനി

Posted on: 19 Aug 2015രൂപവത്കരണം: 1961
വിസ്തീര്‍ണം: 72.47 ച. കി.മീ
ജനസംഖ്യ : 23672
വാര്‍ഡുകള്‍: 16
സി.പി.എം. : 16
കോണ്‍ഗ്രസ്: 0

ചീമേനി:
ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരെ നടന്ന കര്‍ഷകസമരങ്ങളുടെ ചുവന്ന മണ്ണായ കയ്യൂര്‍-ചീമേനിയില്‍ പ്രതിപക്ഷത്തിന് വേരോട്ടമില്ല. കയ്യൂര്‍ സമരവും വിളവെടുപ്പ്, തോല്‍വിറക് സമരങ്ങളും ലോക വിമോചനസമരങ്ങളുടെ ഭൂപടത്തില്‍ കയ്യൂര്‍-ചീമേനിയെ ശ്രദ്ധേയമാക്കി. അരനൂറ്റാണ്ടിലേറെയായി തുടര്‍ച്ചയായി ഇടതുപക്ഷത്തിന്റെ സമ്പൂര്‍ണ ഭരണത്തിലാണ് കയ്യൂര്‍-ചീമേനി.
1961-ല്‍ നാല് വില്ലേജുകളെ യോജിപ്പിച്ചുകൊണ്ടാണ് ചീമേനി പഞ്ചായത്ത് നിലവില്‍വന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കയ്യൂരിന്റെ നാമധേയംകൂടി കൂട്ടിച്ചേര്‍ത്ത് കയ്യൂര്‍-ചീമേനി ഗ്രാമപ്പഞ്ചായത്തായി മാറി. 1987-ലെ ഭരണസമിതിയാണ് നിലവിലുള്ള സ്ഥലത്ത് ഓഫീസ് കെട്ടിടം പണിതത്. തുടര്‍ച്ചയായ ഇടതുപക്ഷഭരണം എല്ലാ മേഖലകളിലും മുന്നേറ്റമുണ്ടാക്കാനായെന്ന് ഭരണപക്ഷം അവകാശപ്പെടുന്നു.
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ചീമേനി എസ്റ്റേറ്റ് സ്ഥിതിചെയ്യുന്ന ഇവിടം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പഞ്ചായത്തുകൂടിയാണ്. ചീമേനിയില്‍ 20 വര്‍ഷത്തിനിടെ 25,000 കോടി രൂപയുടെ വന്‍കിട പദ്ധതി വാഗ്ദാനങ്ങളാണ് ഇരു സര്‍ക്കാറുകളും നടത്തിയത്. ഇവിടെ രണ്ടായിരത്തിലേറെ ഏക്കര്‍ സ്ഥലമാണ് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കൈയിലുള്ളത്. കല്‍ക്കരി താപനിലയത്തിന് നിര്‍ദേശിക്കപ്പെട്ടതും ചീമേനി തന്നെയാണ്. പ്രതിക്ഷനല്കിയ ഐ.ടി. പാര്‍ക്ക് ചുറ്റുമതിലില്‍ ഒതുങ്ങിയിരിക്കുന്നു. ഏഴിമല നാവിക അക്കാദമിയിലേക്ക് കുടിവെള്ളം െകാണ്ടുപോകുന്നത് പഞ്ചായത്തിലെ കാക്കടവില്‍ നിന്നാണ്.
എന്‍ജിനീയറിങ് കോളേജടക്കം നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ചീമേനി ടൗണിലുണ്ട്. നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരുമെത്തുന്ന ചീമേനിയില്‍ ബസ്സ്റ്റാന്‍ഡോ പ്രാഥമികസൗകര്യത്തിനുള്ള ശുചിമുറിയോ ഇല്ലാത്തത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.
ഭരണത്തുടര്‍ച്ച ഉറപ്പ്
എം.ബാലകൃഷ്ണന്‍ (പ്രസിഡന്റ്, കയ്യൂര്‍-ചീമേനി ഗ്രാമപ്പഞ്ചായത്ത്)
*രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ എന്‍ഡോസള്‍ഫാന്‍ നബാര്‍ഡ് പാക്കേജില്‍ 10 കോടിയുടെ കുടിവെള്ളപദ്ധതി പൂര്‍ത്തിയാകുന്നു.
* വിദ്യാഭ്യാസമേഖലയില്‍ ഭൗതികസാഹചര്യം മെച്ചപ്പെടുത്തി. നബാര്‍ഡ് ഫണ്ടില്‍ കൂളിയാട്, മുഴക്കോത്ത്, നാലിലാംകണ്ടം, ചീമേനി, കയ്യൂര്‍ വിദ്യാലയങ്ങള്‍ക്ക് കെട്ടിടം പണിതു. ബഡ്‌സ് സ്‌കൂളിന് 1.45 കോടി, കയ്യൂര്‍ ഹയര്‍ സെക്കന്‍ഡറിക്ക് 1.90 കോടിയുടെയും കെട്ടിട്ടത്തിന് തറക്കല്ലിട്ടു.
* ഈ കാലയളവിലല്‍ 20 കലുങ്കുകള്‍ പണിതു, 7 അങ്കണവാടികള്‍ക്ക് കെട്ടിടം പണിതു. 37 റോഡുകള്‍ ടാറിട്ട് ഗതാഗതയോഗ്യമാക്കി.
* പച്ചക്കറി, തെങ്ങ്, നെല്ല് കൃഷികള്‍ക്ക് മുന്തിയ പരിഗണന നല്കി.
* ചീമേനി ടൗണിലും പട്ടികജാതി കോളനികളിലും സോളാര്‍ ലൈറ്റുകള്‍ സ്ഥാപിച്ചു.
* പൈപ്പ് കമ്പോസ്റ്റ് പദ്ധതി ആരംഭിച്ചു
എല്ലാ മേഖലയിലും രാഷ്ട്രീയവത്കരണം
വൈ.എം.സി.ചന്ദ്രശേഖരന്‍ (കോണ്‍ഗ്രസ് ചീമേനി മണ്ഡലം പ്രസിഡന്റ്)
* തൊഴിലുറപ്പ് പദ്ധതിയും കുടുംബശ്രീപ്രര്‍ത്തനങ്ങളും പെന്‍ഷന്‍ ആനുകൂല്യങ്ങളും രാഷ്ട്രീയവത്കരിച്ചു
*തുടര്‍ച്ചയായ ഭരണം നടത്തിയിട്ടും ചീമേനി ടൗണില്‍ ബസ്സ്റ്റാന്‍ഡും ശുചിമുറിയും നിര്‍മിക്കാന്‍ കഴിഞ്ഞില്ല.
* പിലാന്തോളി, അത്തുട്ടി, പൊതാവൂര്‍ തുടങ്ങി 45 വര്‍ഷം പഴക്കമുള്ള റോഡുകള്‍പോലും നന്നാക്കാന്‍ കഴിഞ്ഞില്ല.
* പണിപൂര്‍ത്തിയായി ഒരുവര്‍ഷമായിട്ടും ആയുര്‍വേദ ആസ്​പത്രി കെട്ടിടം തുറന്നില്ല

More Citizen News - Kasargod