ആസ്​പത്രിക്കിടക്കയില്‍ ഒരമ്മ പറയുന്നു, ''ഇവളെന്റെ പൊന്നോമന, എന്റെ ദൈവം...''

Posted on: 19 Aug 2015കണ്ണൂര്‍: ''ഇവളാണെന്റെ എല്ലാം. എന്റെ ദൈവം. ഇപ്പോള്‍ എന്റെ അമ്മയും'' -പന്ത്രണ്ടുകാരിയായ മകളെ തലോടി ഒരമ്മ കണ്ണീരോടെ പറയുകയാണ്.
ദേഹമാസകലം പൊള്ളലേറ്റ് ജില്ലാ ആസ്​പത്രി എഫ് വണ്‍ വാര്‍ഡില്‍ രണ്ടരമാസമായി ചികിത്സയില്‍ കഴിയുന്ന റാണി (45) മകളുടെ കഷ്ടപ്പാടുകളെക്കുറിച്ച് പറഞ്ഞപ്പോള്‍ പൊട്ടിക്കരഞ്ഞു.
''സഹായിക്കാന്‍ ആരുമില്ല, മകളല്ലാതെ. ഭര്‍ത്താവുണ്ട്. മൂന്നുകെട്ടിയ അയാള്‍ വല്ലപ്പോഴും വന്നാലായി. ഇനി വന്നാലും കാര്യമൊന്നുമില്ല. രണ്ടാം ക്ലാസില്‍ പഠനം നിര്‍ത്തി എന്നോടൊപ്പം ചുമലില്‍ സഞ്ചിയും തൂക്കി കുപ്പിപെറുക്കാനിറങ്ങിയതാ എന്റെ േമാള്‍. ഇപ്പോള്‍ ഞാനിങ്ങനെയായി. ഇനി അവളുടെ ഭാവി... ജോലിചെയ്ത് മകളെ നോക്കാന്‍ പറ്റുമെന്ന ഒരുപ്രതീക്ഷയുമില്ല. അവളെ ഏതെങ്കിലും സുരക്ഷിത കരങ്ങളിലേല്പിക്കണം. ആരെങ്കിലും എന്റെ മകളെ പഠിപ്പിക്കുമോ? എനിക്ക് വല്ലപ്പോഴും ചെന്നുകാണാനുള്ള അനുവാദം തന്നാല്‍ മാത്രം മതി''-വിതുമ്പിക്കൊണ്ട് ആ അമ്മ പറഞ്ഞു.
ഈ സമയം അമ്മയെ തലോടിയും കൈപിടിച്ച് ഓമനിച്ചും മകള്‍ മല്ലിക അരികില്‍ത്തന്നെയുണ്ട്. രണ്ടരമാസമായി ഈ അമ്മയ്ക്ക് കൂട്ട് മകള്‍ മാത്രമാണ്. അമ്മയുടെ എല്ലാ തുണികളും അവള്‍ അലക്കും, വേണ്ടതെല്ലാം ചെയ്തുകൊടുക്കും. ആ വാര്‍ഡിലെ മറ്റുരോഗികള്‍ക്കും സഹായം ചെയ്തുകൊടുത്ത് അവള്‍ കണ്ണിലുണ്ണിയായി.
''ഇവള്‍ നല്ല കുട്ടിയാണ്. പഠിക്കാനും നല്ല താത്പര്യമുണ്ട്. ആരെങ്കിലും സംരക്ഷിച്ച് പഠിപ്പിച്ചിരുന്നെങ്കില്‍ മിടുക്കിയായേനെ'' -വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ചരക്കണ്ടി സ്വദേശി പറഞ്ഞു.
മല്ലികയുടെ അമ്മയ്ക്ക് ഇനിയും രണ്ടുമാസം കൂടി ചികിത്സ കിട്ടായാലേ പൊള്ളലേറ്റുണ്ടായ വ്രണം പൂര്‍ണമായി ഉണങ്ങൂ.
റാണിയുടെ മാതാപിതാക്കള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് തമിഴ്‌നാട്ടില്‍നിന്നെത്തി പേരാമ്പ്രയില്‍ കടത്തിണ്ണയിലും മറ്റുമായി താമസിച്ചുവന്നവരാണ്. അവിടെനിന്ന് വിവാഹം കഴിഞ്ഞശേഷം ഭര്‍ത്താവിന്റെ മറ്റു ഭാര്യമാരോടൊപ്പം പലസ്ഥലങ്ങളിലായി വാടകവീടെടുത്ത് താമസിച്ചുതുടങ്ങി. ഒടുവില്‍ ശ്രീകണ്ഠപുരത്ത് താമസിക്കുന്നതിനിടെ രണ്ടുമാസം മുമ്പായിരുന്നു അപകടം. പ്ലാസ്റ്റിക് പാഴ്വസ്തുക്കള്‍ പെറുക്കിയാണ് ഇവര്‍ ഉപജീവനം നടത്തുന്നത്. രാവിലെ ശ്രീകണ്ഠപുരം പാലത്തിനടിയില്‍ പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കാന്‍ പോയപ്പോള്‍ അപസ്മാരം ബാധിച്ച് അവിടെ മാലിന്യം തീയിട്ട് കത്തിക്കുന്നതിനുമുകളില്‍ വീഴുകയായിരുന്നു. മുഖത്തും മറ്റും മാരകമായി പൊള്ളലേറ്റു. നാട്ടുകാരാണ് ആസ്​പത്രിയിലെത്തിച്ചത്. പിന്നീട് പലരുടെയും സഹായത്തില്‍ ചികിത്സനടത്തി.
തന്റെ വ്രണം ഉണങ്ങുന്നതുവരെ മകള്‍ കൂടെയുണ്ടായിരുന്നെങ്കില്‍ വലിയൊരാശ്വാസമാകും. പക്ഷേ, അതിനെക്കാള്‍ വലുതാണ് മകളുടെ ഭാവിയെന്നും ആരെങ്കിലും തങ്ങളെ സഹായിക്കുമെന്നാണ് കരുതുന്നതെന്നും റാണി പറയുന്നു.
തനിക്ക് പഠിക്കണമെന്നും അനാഥാലയത്തിലോ അഗതിമന്ദിരങ്ങളിലോ പോകുന്നതില്‍ വിഷമമില്ലെന്നും ഇടയ്ക്ക് അമ്മയെ കാണാന്‍ സാധിച്ചാല്‍മാത്രം മതിയെന്നും മല്ലികയും ആഗ്രഹിക്കുന്നു.

More Citizen News - Kasargod