മുന്നണികളെ മാറി മാറി പരീക്ഷിച്ച് ബെള്ളൂര്‍

Posted on: 18 Aug 2015മുള്ളേരിയ: കാറഡുക്ക ബ്ലോക്കില്‍ നെട്ടണിഗെ, ബെള്ളൂര്‍ വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപ്പഞ്ചായത്താണ് ബെള്ളൂര്‍. എന്‍ഡോസള്‍ഫാന്‍ മൂലം ഏറ്റവുമധികം ദുരിതമനുഭവിക്കേണ്ടിവന്ന പഞ്ചായത്ത്. കന്നട, തുളു, മറാഠി, മലയാളം തുടങ്ങിയ പല ഭാഷകളും സംസാരിക്കുന്നവരുടെ നാട്. ഭൂരിഭാഗവും കൃഷിയെ ആശ്രയിച്ച് കഴിയുന്നവരാണ്.
കോണ്‍ഗ്രസ്, ബി.ജെ.പി. മുന്നണികളെ പരീക്ഷിച്ചതിനുശേഷം സി.പി.എം. ആണ് ഇപ്പോള്‍ പഞ്ചായത്ത് ഭരിക്കുന്നത്. പഞ്ചായത്തിലെ ചെറു ടൗണുകളായ നാട്ടക്കല്‍, കിന്നിങ്കാര്‍ എന്നിവിടങ്ങളില്‍ അടിസ്ഥാനസൗകര്യമില്ലാത്തതാണ് നേരിടുന്ന പ്രശ്‌നം. റോഡ് സൗകര്യമുണ്ടെങ്കിലും പൊതുയാത്രാ സൗകര്യം വളെര കുറവാണ്. ജലനിധി പദ്ധതിയില്‍ കുടിവെള്ളക്ഷാമം പൂര്‍ണമായും പരിഹരിക്കാന്‍ സാധിച്ചത് നേട്ടമാണ്. എല്‍.ഡി.എഫ്. ഭരിക്കുന്ന ജില്ലാ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതികളുടെ സഹകരണത്തില്‍ പഞ്ചായത്തില്‍ നിരവധി വികസനങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞു എന്നാണ് പ്രസിഡന്റ് എ.കെ.കുശലന്‍ പറയുന്നത്.
നാട്ടക്കല്‍, കിന്നിങ്കാര്‍ എന്നിവിടങ്ങളില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം, മൂത്രപ്പുര, പാര്‍ക്കിങ് സൗകര്യം, ഓടകള്‍ എന്നിവയില്ല, പ്രധാനറോഡായ നാട്ടക്കല്‍ - മിന്‍ചിപദവ് വഴി ബസ് സൗകര്യമില്ല, വീടില്ലാത്തവര്‍ പിന്നാക്കവിഭാഗത്തില്‍ തന്നെയുണ്ട്, പള്ളപ്പാടിയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല തുടങ്ങിയ ആക്ഷേപങ്ങളാണ് കോണ്‍ഗ്രസ് അംഗമായ പി.കെ.ഷെട്ടി ഉന്നയിക്കുന്നത്.
കര്‍ഷകരെ പാടെ അവഗണിച്ചു എന്നാണ് ബി.ജെ.പി. പറയുന്നത്.
വാര്‍ഡുകള്‍:
13
ജനസംഖ്യ: 17,250

വിസ്തൃതി: 29.63 ച.കി.മി.
കക്ഷിനില:

സി.പി.എം.- 5
ബി.ജെ.പി.- 4

കോണ്‍ഗ്രസ്- 4


സമഗ്രവികസനം

-എ.കെ.കുശലന്‍
പ്രസിഡന്റ്, ബെള്ളൂര്‍ ഗ്രാമപ്പഞ്ചായത്ത്

*ഏഴ്‌കോടി ചെലവില്‍ കുടിവെള്ളപദ്ധതി തുടങ്ങി.
* നാല് ലക്ഷം രൂപ ചെലവിട്ട് തെരുവുവിളക്ക് സ്ഥാപിച്ചു.
* നാട്ടക്കല്ലില്‍ ആയുര്‍വേദ ആസ്​പത്രി
* മൂന്ന് അങ്കണവാടികള്‍ക്ക് കെട്ടിടം പൂര്‍ത്തിയാക്കി
* കിന്നിങ്കാറില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് കെട്ടിടംപണി തുടങ്ങി
* ബെള്ളൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് 5.5 കോടി രൂപയുടെ കെട്ടിടം
* തുളു പണ്ഡിതന്‍ വെങ്കടരാജ പുണിഞ്ചിത്തായയുടെ സ്മരണയ്ക്കായി ഏഴുലക്ഷം രൂപ ചെലവിട്ട് ലൈബ്രറി തുടങ്ങി
* മൂന്ന് നടപ്പാലം നിര്‍മിച്ചു
* 85 ലക്ഷം രൂപ ചെലവിട്ട് കൊളത്തിലപ്പാറ, മിന്‍ചിപദവ്, പള്ളപ്പാടി റോഡ് വികസനം
* ഒന്നര കോടിയുടെ ബഡ്‌സ് സ്‌കൂള്‍
* ഏഴ് ലക്ഷം രൂപ ചെലവിട്ട് പഞ്ചായത്ത്‌കെട്ടിടം നവീകരിച്ചു
കര്‍ഷകരെ അവഗണിച്ചു

- എം.ശ്രീധര (ബി.ജെ.പി.)
* കര്‍ഷക ആനുകൂല്യങ്ങള്‍ വിതരണംചെയ്തില്ല
* പല കുടിവെള്ളപദ്ധതികളും നടപ്പിലായില്ല
* കോളനികളുടെ പിന്നാക്കാവസ്ഥ മാറിയില്ല
* പഞ്ചായത്തോഫീസിന്റെ കെട്ടിടനവീകരണത്തിന് ലക്ഷങ്ങള്‍ ചെലവിട്ടപ്പോഴും ജനനന്മയ്ക്കായി ഒന്നും ചെയ്തില്ല
* പഞ്ചായത്ത് റോഡുകള്‍ പലതും അറ്റകുറ്റപ്പണി നടത്തിയില്ല
* കേരളോത്സവം പോലും രാഷ്ട്രീയപ്രേരിതമായി നടത്തുന്നു

More Citizen News - Kasargod