ക്വാളിറ്റി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ 20 മുതല്‍ പ്രവര്‍ത്തനമാരംഭിക്കും

Posted on: 18 Aug 2015കാസര്‍കോട്: പാലിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനും ഗുണമേന്മയുള്ള പാല്‍ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനും ജില്ലാ ക്ഷീരവികസന ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ക്വാളിറ്റി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ കളക്ടറേറ്റ് കോമ്പൗണ്ടില്‍ ആഗസ്ത് 20-ന് പ്രവര്‍ത്തനമാരംഭിക്കും. ഓണക്കാലത്ത് അന്യസംസ്ഥാനങ്ങളില്‍നിന്ന് മായം കലര്‍ന്ന പാല്‍ ജില്ലയിലേക്ക് ഒഴുകുവാനുള്ള സാധ്യത കണക്കിലെടുത്താണ് സെന്റര്‍ തുടങ്ങുന്നത്. പൊതുജനങ്ങള്‍ക്ക് പാലിന്റെ സാമ്പിളുമായി സെന്ററിലെത്തി ഗുണനിലവാരം പരിശോധിച്ച് ഉറപ്പ് വരുത്താം. ശേഖരിക്കുന്ന സാമ്പിള്‍ ക്ഷീരവികസനവകുപ്പിന്റെ സിവില്‍സ്റ്റേഷനിലുള്ള ക്വാളിറ്റി കണ്‍ട്രോള്‍ ലാബിലാണ് പരിശോധിക്കുന്നത്. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് സെന്ററിന്റെ പ്രവര്‍ത്തന സമയം. അതത് ദിവസത്തെ പരിശോധനാഫലം അന്നുതന്നെ ലഭിക്കുമെന്നതാണ് സെന്ററിന്റെ പ്രത്യേകത.
പൊതുജനങ്ങളില്‍നിന്ന് പാലിന്റെ സാമ്പിള്‍ ശേഖരിക്കുന്നതിന്റെ പുറമെ, വകുപ്പ് ഉദ്യോഗസ്ഥര്‍ എല്ലാ ബ്രാന്‍ഡ് പായ്ക്കറ്റ് പാല്‍, മില്‍മ, ക്ഷീരസംഘങ്ങള്‍, ക്ഷീരകര്‍ഷകര്‍ എന്നിവരില്‍നിന്ന് ശേഖരിക്കുന്ന സാമ്പിളിലും പരിശോധന നടത്തും. പരിശോധനവഴി പാലിന്റെ കൊഴുപ്പ്, കൊഴുപ്പിതര ഖരപദാര്‍ഥങ്ങള്‍, അസിഡിറ്റി, പാലില്‍ ചേര്‍ത്തിട്ടുള്ള മായം, പ്രിസര്‍വേറ്റീവുകള്‍, ന്യൂട്രലൈസുകള്‍ തുടങ്ങിയവ കണ്ടുപിടിക്കാനാവും. ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസറുടെ മേല്‍നോട്ടത്തിലാണ് സെന്ററിന്റെ പ്രവര്‍ത്തനം.

More Citizen News - Kasargod