സംസ്‌കൃതിയുടെ നേര്‍ക്കാഴ്ചയായി കാര്‍ഷികമേള

Posted on: 18 Aug 2015കണ്ണൂര്‍: മണ്ണിനെ അറിയാന്‍, കൃഷിയുടെ മഹത്വം മനസ്സിലാക്കാന്‍ കണ്ണൂര്‍ പോലീസ് മൈതാനത്തേക്ക് വരിക. മണ്ണിന്റെമണമുള്ള കാഴ്ചകളൊരുക്കി ദക്ഷിണേന്ത്യന്‍ കാര്‍ഷികമേള പ്രകൃതിസ്‌നേഹികളെയും കര്‍ഷകരെയും സ്വാഗതംചെയ്യുകയാണ്.
സന്ദര്‍ശകര്‍ക്ക് കൃഷിയോടാഭിമുഖ്യം വളര്‍ത്തുന്ന രീതിയിലാണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, വിത്തിനങ്ങള്‍, ജൈവകൃഷി ഉത്പന്നങ്ങള്‍, കാര്‍ഷികോപകരണങ്ങള്‍, ആധുനിക കാര്‍ഷിക യന്ത്രങ്ങള്‍, കീടനാശിനികള്‍, വളം, കര്‍ഷകരുടെ വിവിധ ഉത്പന്നങ്ങള്‍ എന്നിവയുടെയും നവീന കൃഷിരീതികള്‍, പശുപരിപാലനം, മൃഗസംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ടവയുടെയും വിപുലമായ പ്രദര്‍ശനം മേളയിലൊരുക്കിയിട്ടുണ്ട്.
കാസര്‍കോട് കുള്ളനടക്കമുള്ള പഴയതും പുതിയതുമായ ജനുസ്സില്‍പ്പെട്ട പശുക്കള്‍, ആടുകള്‍, കോഴികള്‍, മുയലുകള്‍, മീനുകള്‍ എന്നിവയും മേളയിലുണ്ട്.
പഴയകാലത്തില്‍നിന്ന് ആധുനികയുഗത്തിലേക്കുള്ള കാര്‍ഷികസംസ്‌കൃതിയുടെ മാറ്റം വ്യക്തമാക്കുന്നതുകൂടിയാണ് മേള.
ഞായറാഴ്ച വൈകിട്ട് ഉദ്ഘാടനംചെയ്ത കാര്‍ഷിക മേളയിലേക്ക് തിങ്കളാഴ്ച രാവിലെത്തന്നെ തിരക്ക് തുടങ്ങിയിരുന്നു. സര്‍ക്കാര്‍, സഹകരണ-സ്വകാര്യമേഖലയിലെ 300 സ്റ്റാളുകളാണ് മേളയിലുള്ളത്. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ സ്റ്റാളുകളും കേരളത്തിലെ 14 ജില്ലകളില്‍നിന്നുള്ള സ്റ്റാളുകളും കണ്ണൂര്‍ജില്ലയിലെ എല്ലാ ബ്ലോക്കുകളില്‍നിന്നുള്ള കാര്‍ഷികപ്രദര്‍ശന സ്റ്റാളുകളുമുണ്ട്. പ്രവേശനകവാടത്തിനരികില്‍ പൈനാപ്പിള്‍ മിഷന്‍ ഒരുക്കിയ കൂറ്റന്‍ കൈതച്ചക്കഗോപുരം മനോഹരമായ കാഴ്ചയാണ്.
മേള ആഗസ്ത് 26 വരെ തുടരും.

More Citizen News - Kasargod