നിര്‍ധനകുടുംബത്തിന് വീടൊരുക്കി പ്രവാസി കൂട്ടായ്മ

Posted on: 17 Aug 2015
പടന്ന:
പ്രവാസികളായ യുവാക്കള്‍ കൈകോര്‍ത്തപ്പോള്‍ നിര്‍ധനരായ അച്ഛനും പറക്കമുറ്റാത്ത മക്കള്‍ക്കും ലഭിച്ചത് സ്വപ്‌നഭവനം. എടച്ചാക്കൈ വിസ്ഡം ക്ലബ്ബിന്റെ പ്രവര്‍ത്തകരായ യുവാക്കളുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച വിസ്ഡം റിലീഫ് സെല്ലാണ് തോട്ടുകരയിലെ നിര്‍ധനകുടുംബത്തിന് വീട് നിര്‍മിച്ചുനല്കിയത്.

'പ്രവാസികളില്‍നിന്നും ഒരു ദിര്‍ഹംകൊണ്ടൊരു കാരുണ്യം' എന്ന പദ്ധതിയിലൂടെ ഒരുവര്‍ഷംകൊണ്ടാണ് ഇത്രയും തുക ശേഖരിച്ച് വീട് നിര്‍മിച്ചുനല്കിയത്. ഇവരുടെ നേതൃത്വത്തില്‍ത്തന്നെയായിരുന്നു നിര്‍മാണം നടത്തിയത്.

ഭവനനിര്‍മാണംകൂടാതെ നിത്യരോഗികള്‍ക്ക് മരുന്ന്, വസ്ത്രം, ഭക്ഷണം എന്നിവയ്ക്ക് ഇവര്‍ രണ്ടുലക്ഷം രൂപ ചെലവഴിച്ചു. ദാരിദ്ര്യം, രോഗം എന്നിവ തളര്‍ത്തിയവര്‍ക്ക് ശാരീരികവും മാനസികവുമായ പിന്‍ബലം നല്കുകയെന്ന ലക്ഷ്യത്തില്‍ അര്‍ഹരാവര്‍ക്ക് കൂടുതല്‍ വീടുകളും മറ്റ് സഹായങ്ങളുംനല്കി പ്രവര്‍ത്തിക്കാനുള്ള ലക്ഷ്യത്തിലാണ് ഇവര്‍.

വീടിന്റെ താക്കോല്‍നല്കല്‍ ചടങ്ങ് മുഹമ്മദ് ആഷിഖ് നിസാമി ഉദ്ഘാടനംചെയ്തു. എന്‍.സി.റിയാസ് അധ്യക്ഷത വഹിച്ചു. കേരള കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എം.സി.ഖമറുദ്ദീന്‍ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചു. 'ഒരു ദിര്‍ഹംകൊണ്ടൊരു കാരുണ്യം' പദ്ധതി പി.ജമാല്‍ ഹാജി ഉദ്ഘാടനംചെയ്തു. എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയംനേടിയവര്‍ക്കുള്ള ഉപഹാരം ജമാ അത്ത് പ്രസിഡന്റ് എന്‍.സി.ഇസ്മയില്‍ ഹാജിയും, സമസ്ത പരീക്ഷയില്‍ ഉന്നതവിജയം നേടിയവര്‍ക്കുള്ള ഉപഹാരം സി.കെ.ലത്തീഫ് ഹാജിയും വിതരണംചെയ്തു. എന്‍.സി.ഷാഹുല്‍ ഹമീദ്, ഉദിനൂര്‍ ബാലഗോപാലന്‍, പി.ഇര്‍ഷാദ്, സൈനുല്‍ ആബിദ്, പി.അബ്ദുള്‍റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod