കോരന്‍ മാസ്റ്ററുടേത് സമര തീക്ഷ്ണമായ യൗവനം

Posted on: 17 Aug 2015ചെറുവത്തൂര്‍: ഇന്ത്യ സ്വതന്ത്രയാകുമ്പോള്‍ സ്വാതന്ത്ര്യസമര സേനാനി കെ.കോരന്‍ മാസ്റ്റര്‍ കണ്ണൂര്‍ ആസ്​പത്രിയിലായിരുന്നു. അവിടെയിരുന്ന് അദ്ദേഹം സ്വാതന്ത്ര്യദിനത്തെ ഓര്‍ത്ത് ഒരു കവിതയെഴുതി - 'ഇനിയെന്തുവേണം'.
'കൈവിലങ്ങുകള്‍ പൊട്ടി യൂന്യന്‍ ജാക്കും താഴ്ത്തി-
യാവേശ പൂര്‍വം പൊക്കി നമ്മുടെ പതാകകള്‍.
സ്വാതന്ത്ര്യമണഞ്ഞല്ലോ കാരുണ്യാമൃതമോലും-
ഗീതവുമോതിയെത്തിപ്പൊന്നണിപ്പുലരിയാള്‍'.....
സമര തീക്ഷ്ണമായിരുന്നു ഞായറാഴ്ച അന്തരിച്ച സ്വാതന്ത്ര്യസമരസേനാനി ചെറുവത്തൂര്‍ കുട്ടമത്തെ കെ.കോരന്‍ മാസ്റ്ററുടെ ബാല്യവും യൗവനവും.
1920-ന് ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച് എട്ടാംതരം വരെ പഠിച്ചു. ഇതിനിടയില്‍ കളരിയഭ്യാസമുറകളും അഭ്യസിച്ചു. ദേശീയസമരത്തിന്റെ ഭാഗമായി നടന്ന കള്ള് ഷാപ്പ് പിക്കറ്റ് സമരവും പയ്യൂന്നൂരില്‍ വെച്ച് മഹാത്മാഗാന്ധിയുടെയും നെഹ്രുവിന്റെയും പ്രസംഗങ്ങള്‍ കേട്ടതും ചെറുപ്രായത്തില്‍ കോരനെന്ന ബാലനെ ദേശീയ പ്രസ്ഥാനത്തിലേക്ക് അടുപ്പിച്ചു.
എട്ടാം ക്ലാസ് വിദ്യാഭ്യാസവുമായി തിമിരി എലിമെന്ററി സ്‌കൂളില്‍ അധ്യാപകനായിരിക്കേ 1936-ല്‍ കോണ്‍ഗ്രസ് തിമിരി വില്ലേജ് കമ്മിറ്റി സെക്രട്ടറിയായി. രാഷ്ട്രീയപ്രവര്‍ത്തനവും അധ്യാപക ജോലിയും ഒത്തുപോവില്ലെന്ന് തിരിച്ചറിഞ്ഞ കോരന്‍ മാസ്റ്റര്‍ അധ്യാപക ജോലി രാജിവെച്ച് ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലും കര്‍ഷക പ്രസ്ഥാനത്തിലും സക്രിയനായി. കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപംകൊണ്ടപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകനായി.
ഈ അവസരത്തില്‍ സര്‍ക്കാര്‍ വിരുദ്ധ ലഘുലേഖ പ്രചരിപ്പിച്ചതിന് അറസ്റ്റ് വാറന്റ് ഉണ്ടായി. പോലീസ് കുടുംബത്തെ പീഡിപ്പിച്ചു തുടങ്ങിയപ്പോള്‍ നേരിട്ട് കീഴടങ്ങി. ആലിപുരം -കണ്ണൂര്‍ ജയിലുകളിലായി ഒരു വര്‍ഷം തടവനുഭവിച്ചു. തുടര്‍ന്ന് കയ്യൂര്‍ കേസില്‍ പ്രതിയാക്കി മംഗലാപുരം സബ് ജയിലില്‍ പാര്‍പ്പിച്ചു. പിന്നീട് കോടതി വെറുതെ വിട്ടു.
ജയില്‍ മോചിതനായ ശേഷം വി.വി.കുഞ്ഞമ്പുവിനൊപ്പം കോളനി നിവാരണ പ്രവര്‍ത്തനം, സാക്ഷരതാ പ്രവര്‍ത്തനം, ഭക്ഷ്യക്ഷാമ നിവാരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയശേഷം 1948-ല്‍ കൊവ്വല്‍ എ.യു.പി. സ്‌കൂളില്‍ വീണ്ടും അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. 1975-ല്‍ പ്രഥമാധ്യാപകനായി വിരമിച്ചു.
1975-ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന്റെ താമ്രപത്രം ഏറ്റുവാങ്ങി. 1985-ന് ശേഷം അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു. യുക്തിവാദി സംഘം സംസ്ഥാനകമ്മിറ്റിയംഗം എന്ന നിലയിലും പ്രവര്‍ത്തിച്ചു.
എഴുത്തിലും സജീവമായിരുന്ന കോരന്‍ മാസ്റ്റര്‍ പ്രകാശിതവും അപ്രകാശിതവുമായി നിരവധി കവിതകളെഴുതി. 21 കവിതകളടങ്ങിയ കവിതാ സമാഹാരം 'നേര്‍വഴി' യില്‍ ജീവിതാനുഭങ്ങള്‍ തന്നെയാണ് വരച്ചുവെച്ചത്.

More Citizen News - Kasargod