നേട്ടവും കോട്ടവും പുത്തിഗെയില്‍ ചര്‍ച്ചയാകുക പാര്‍പ്പിടവും റോഡുകളും

Posted on: 17 Aug 2015പുത്തിഗെ: സപ്തഭാഷാ സംഗമഭൂമിയായ പുത്തിഗെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും ബി.ജെ.പി.ക്കും ശക്തമായ വേരുള്ള മണ്ണാണ്. കഴിഞ്ഞ അഞ്ചുവര്‍ഷമായി പുത്തിഗെ ഭരിക്കുന്നത് സി.പി.എം. നേതൃത്വത്തിലുള്ള ഭരണസമിതിയാണ്. പ്രധാന പ്രതിപക്ഷമായി ബി.ജെ.പി. പ്രവര്‍ത്തിക്കുന്നു.
പഞ്ചായത്തിലെ റോഡുവികസനം, ഭവനരഹിതര്‍ക്കുള്ള പാര്‍പ്പിടപദ്ധതികള്‍ എന്നിവ ഇത്തവണ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകും.
പൂര്‍ണമായും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന വലിയൊരുവിഭാഗം ജനത പുത്തിഗെയിലുണ്ട്. കാര്‍ഷികോത്പന്നങ്ങളുടെ വിലയുടെ ഉയര്‍ച്ചയും താഴ്ചയും പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ ഇവിടെ പ്രതിഫലിക്കാറുണ്ട്. അഞ്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതിയും പഞ്ചായത്ത് ഭരിച്ചിരുന്നു.
ഭരണം നിലനിര്‍ത്തും -പി.എ.ചെനിയ
പഞ്ചായത്ത് പ്രസിഡന്റ്
* ഏഴുകോടിയുടെ ജലനിധി പദ്ധതിപ്രകാരം 2200 കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിച്ചു.
* മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ ഫണ്ട് വിനിയോഗത്തില്‍ മികച്ച നേട്ടം.
* 800 കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ദിനങ്ങള്‍ പ്രദാനംചെയ്യാന്‍ കഴിഞ്ഞു.
* ഗ്രാമീണ റോഡുകള്‍ ഗതാഗതയോഗ്യമാക്കി.
* രണ്ട് അങ്കണവാടികളൊഴികെ 24 എണ്ണത്തിന് പുതുതായി കെട്ടിടം പണിതുനല്കി.
* അംഗപരിമിതിയുള്ള വിദ്യാര്‍ഥികള്‍ക്കായി സ്‌കോളര്‍ഷിപ്പ് നല്കി.
* പട്ടികജാതിക്കാര്‍ക്കായി ബാഡൂരിലും സൂരംബയലിലും പൊതുശ്മശാനം പണിതു.
* പട്ടികജാതി കോളനികളിലെ 90 ശതമാനം വീടുകളിലും വൈദ്യുതിയെത്തിക്കാനായി.
ഭരണം പരാജം -ജയന്ത പാട്ടാളി
(പ്രതിപക്ഷനേതാവ്, ബി.ജെ.പി.)
* പുത്തിഗെയില്‍ കാര്യക്ഷമമായ ഭരണം നടത്താന്‍ സി.പി.എം. നിയന്ത്രണത്തിലുള്ള ഭരണസമിതിക്കായില്ല. വികസനമുണ്ടായത് ബി.ജെ.പി. അംഗങ്ങളുടെ വാര്‍ഡുകളില്‍ മാത്രം.
* നിലവിലുള്ള പദ്ധതികളല്ലാതെ പുതിയവയൊന്നും ആവിഷ്‌കരിക്കാനോ നടപ്പാക്കാനോ കഴിഞ്ഞില്ല.
* ജലനിധി പദ്ധതി നടപ്പാക്കിയതിന്റെ അംഗീകാരം സി.പി.എമ്മിന് അവകാശപ്പെടാന്‍ കഴിയില്ല. ജലനിധി പദ്ധതി ഏറ്റെടുക്കാന്‍ വിമുഖതകാണിച്ചവരായിരുന്നു സി.പി.എം. ബി.ജെ.പി. അംഗങ്ങളുടെ ശ്രമഫലമായിട്ടാണ് ജലനിധി പദ്ധതി പഞ്ചായത്തിലെത്തിയത്.
* ക്ഷേമ പെന്‍ഷനുകള്‍ വിതരണംചെയ്യുന്നില്ല.
* കാര്‍ഷികമേഖലയെ പാടെ അവഗണിച്ചു.
* ഭവനരഹിതര്‍ക്കായി ഒരുവീടുപോലും നിര്‍മിച്ചുനല്കിയില്ല. പദ്ധതിയാവിഷ്‌കരിച്ചെങ്കിലും പ്രായോഗികതലത്തിലെത്തിക്കാന്‍ കഴിയാതെപോയി.
* ഗ്രാമീണറോഡുകള്‍ തകര്‍ന്നുതരിപ്പണമായി.
ജനസംഖ്യ: 25,462, വിസ്തീര്‍ണം: 28.2 ച.കി.മീ.
കക്ഷിനില സി.പി.എം:
5, ബി.ജെ.പി.: 4, കോണ്‍ഗ്രസ്: 3, മുസ്ലിം ലീഗ്: 1, സ്വതന്ത്രന്‍: 1

More Citizen News - Kasargod