അപകടക്കുഴികള്‍ നിറഞ്ഞ് ചെര്‍ക്കള-കല്ലടുക്ക അന്തസ്സംസ്ഥാനപാത

Posted on: 17 Aug 2015ചെര്‍ക്കള: പ്രതിദിനം നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ചെര്‍ക്കള-കല്ലടുക്ക അന്തസ്സംസ്ഥാനപാതയില്‍ അപകടത്തിന് വാതുറന്ന് പാതാളക്കുഴികള്‍. ചെര്‍ക്കളയില്‍ നിന്ന് കേരള-കര്‍ണാടക അതിര്‍ത്തിയായ അടുക്കസ്ഥലവരെയുള്ള 29 കിലോമീറ്റര്‍ റോഡാണ് അറ്റകുറ്റപ്പണികള്‍ നടക്കാത്തതിനാല്‍ തകര്‍ന്നുകിടക്കുന്നത്.
ചെര്‍ക്കള, എടനീര്‍, ബദിയടുക്ക, പള്ളത്തടുക്ക, നല്‍ക്ക, അടുക്കസ്ഥല എന്നിവിടങ്ങളിലാണ് റോഡ് തകര്‍ന്ന് വന്‍കുഴികള്‍ രൂപപ്പെട്ടത്. കേന്ദ്രസര്‍ക്കാര്‍ റോഡ്‌നിധിയില്‍നിന്നുള്ള ആറുകോടിരൂപ ചെലവില്‍ എട്ടുവര്‍ഷം മുമ്പ് മെക്കാഡം ടാറിങ് നടത്തിയിരുന്നു. പിന്നീട് കുഴിയടക്കല്‍ മാത്രമാണ് നടന്നത്. ഒരുവര്‍ഷത്തിലധികമായി അതും മുടങ്ങിക്കിടപ്പാണ്. കാര്യമായ അറ്റകുറ്റപ്പണികള്‍ നടത്താത്തതാണ് റോഡ് പൂര്‍ണമായും തകരാനിടയാക്കിയത്.
കേരളത്തില്‍നിന്ന്‌ െബംഗളൂരുവിലേക്കുള്ള എളുപ്പവഴികൂടിയാണ് ഈ പാത. എടനീര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ മഴവെള്ളം കുത്തിയൊലിച്ച് റോഡ് ഓവുചാലിന് സമാനമായി പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്. കുഴികള്‍ വെട്ടിച്ചുള്ള വാഹനങ്ങളുടെ ഓട്ടം പലപ്പോഴും അപകടത്തിനിടയാക്കുന്നു. ഇരുചക്രവാഹനങ്ങളാണ് ഏറെയും അപകടത്തില്‍പ്പെടുന്നത്. ഇളകിനില്‍ക്കുന്ന കരിങ്കല്‍ച്ചീളുകളും ചെളിയും വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നട യാത്രക്കാരുടെ ദേഹത്ത് പതിക്കുന്നു.
റോഡ് തകര്‍ച്ച പരിഹരിക്കണമെന്ന് ബസ്സുടമ അസോസിയേഷനും നിരവധി സംഘടനകളും ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല. പൊതുമരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചിട്ടില്ല. മഴ കനത്തതോടെ കുഴികളുടെ എണ്ണവും പെരുകിയിട്ടുണ്ട്.

More Citizen News - Kasargod