വൈഫൈ വഴി സൗജന്യ ഇന്റര്‍നെറ്റിന് പദ്ധതി

Posted on: 17 Aug 2015


ബിജു പരവത്ത്‌കണ്ണൂര്‍: കേരളത്തില്‍ ഗ്രാമങ്ങളില്‍പ്പോലും അതിവേഗ സൗജന്യ ഇന്റര്‍നെറ്റ് നല്കാന്‍ ഐ.ടി. വകുപ്പിന് പദ്ധതി. പരീക്ഷണാടിസ്ഥാനത്തില്‍ 50 കേന്ദ്രങ്ങളില്‍ ഇത് നല്കാനാണ് ആലോചിക്കുന്നത്.
വൈഫൈ സംവിധാനത്തിലൂടെ ഒരുമണിക്കൂറെങ്കിലും എല്ലാദിവസവും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കും. എന്നാല്‍, എത്രസമയം നല്കണമെന്നകാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല.
എല്ലാ പഞ്ചായത്ത് ഓഫീസുകളിലേക്കും നിലവില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് ഉപയോഗപ്പെടുത്തിയാണ് സൗജന്യ ഇന്റര്‍നെറ്റ് നല്കുന്നത്. സംസ്ഥാനത്തൊകെ പല സ്ഥലങ്ങളിലായി വൈഫൈ സ്‌പോട്ടുകളിലൂടെയാകും ഈ സൗകര്യം നല്കുക. പരീക്ഷണാടിസ്ഥാനത്തില്‍ കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, ഗ്രാമപ്പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലായി 50 കേന്ദ്രങ്ങളിലാണ് വൈഫൈ സംവിധാനം ഒരുക്കുക. ഇതിന്റെ 200 മീറ്റര്‍ ചുറ്റളവിലുള്ളവര്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് ഉപയോഗിക്കാം. ഇതിനുശേഷം സംസ്ഥാനത്ത് എല്ലായിടത്തും ഇതേപോലെ അതിവേഗ ഇന്റര്‍നെറ്റ് നല്കും.
കേരള പ്ലാനിങ് ബോര്‍ഡും ഐ.ടി. വകുപ്പും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് പദ്ധതി ആസൂത്രണംചെയ്തിട്ടുള്ളത്. ഗ്രാമീണ മേഖലയില്‍ ഇന്റര്‍നെറ്റ് സേവനം തടസ്സമില്ലാതെ കിട്ടാന്‍ പ്രയാസമാണ്. ഇത് പരിഹരിക്കാനാണ് പുതിയ പദ്ധതി. ഡിസംബറോടെ പരീക്ഷണാടിസ്ഥനത്തില്‍ സേവനം നല്കാനാകുമെന്നാണ് കണക്കാക്കുന്നത്.
ഓപ്പണ്‍ ടെന്‍ഡറിലൂടെ സേവനദാതാക്കളെ കണ്ടെത്താനാണ് ഐ.ടി. വകുപ്പിന്റെ തീരുമാനം. സൗജന്യ ഇന്റര്‍നെറ്റ് ഉപയോഗത്തിന് പ്രത്യേകം സമയം നിശ്ചയിക്കും. ഈ സമയത്തിനുശേഷമുള്ള അധിക ഉപയോഗത്തിന് സേവനദാതാക്കള്‍ക്ക് പണം ഈടാക്കാം. ഇതിന്റെ താരിഫ് റേറ്റും സര്‍ക്കാരുമായുണ്ടാക്കുന്ന കരാറില്‍ ഉള്‍പ്പെടുത്തനാണ് സാധ്യത.
ഓരോ പഞ്ചായത്തുകളിലും ജനസാന്ദ്രതയുള്ള രണ്ടോ മൂന്നോ കേന്ദ്രങ്ങളില്‍ വൈ ഫൈ സ്‌പോട്ട് നിശ്ചയിക്കാനാണ് തീരുമാനം.

More Citizen News - Kasargod