കള്ളാര്‍: കോട്ട നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്‌

Posted on: 15 Aug 2015



രാജപുരം: കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയാണ് മലയോര പഞ്ചായത്തായ കള്ളാര്‍. രൂപവത്കരണം മുതല്‍ തുടര്‍ച്ചയായി നടന്ന മൂന്നുതിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതിയാണിവിടെ. 2000 ഒക്ടോബര്‍ ഒന്നിനാണ് അവിഭക്ത പനത്തടി പഞ്ചായത്ത് വിഭജിച്ച് കള്ളാര്‍ പഞ്ചായത്ത് നിലവില്‍ വന്നത്. മധ്യതിരുവിതാംകൂറില്‍നിന്ന് കുടിയേറിയ ക്രിസ്ത്യന്‍ ജനവിഭാഗത്തിനും അതോടൊപ്പം പട്ടികവര്‍ഗവിഭാഗത്തിനും നിര്‍ണായക സ്വാധീനമാണ് ഇവിടെയുള്ളത്.
2005-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഒരുവിഭാഗം ഡി.ഐ.സി. രൂപവത്കരിച്ച് ഇടതുപക്ഷത്തിന് പിന്തുണനല്കിയപ്പോള്‍ ആറ് സീറ്റുകള്‍ നേടിയെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ഒരു സീറ്റുമാത്രമാണ് ലഭിച്ചത്. ബി.ജെ.പി. ഒരു സീറ്റ് നേടി അക്കൗണ്ട് തുറന്നു. വിവരസാങ്കേതിക വിദ്യാരംഗം, കുടിവെള്ളപദ്ധതി, ജൈവകൃഷി, മാലിന്യസംസ്‌കരണം തുടങ്ങി അഞ്ചുവര്‍ഷംകൊണ്ട് എന്‍ഡോസള്‍ഫാന്‍ വിഷമഴപെയ്ത പഞ്ചായത്തില്‍ വികസനങ്ങള്‍ക്ക് പരമാവധി ഫണ്ട് വാങ്ങിച്ചെടുത്ത് സമസ്തമേഖലയിലും വികസനമെത്തിച്ചെന്നാണ് ഭരണസമിതിയുടെ വാദം. എന്നാല്‍, ഭവനപദ്ധതിയടക്കം പഞ്ചായത്ത് നടപ്പാക്കിയ എല്ലാപദ്ധതികളും രാഷ്ട്രീയവത്കരിക്കുകയും സ്വന്തം ആളുകള്‍ക്ക് വീതിച്ചുനല്കിയെന്നുമാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം. വന്‍ ഭൂരിപക്ഷത്തിന്റെ പേരില്‍ പരിപാടികളെല്ലാം കോണ്‍ഗ്രസിന് വേണ്ടപ്പെട്ടവരുടെതാക്കി മാറ്റി. പെന്‍ഷന്‍പദ്ധതികള്‍, കാര്‍ഷികമേഖലയുടെ സംരക്ഷണം എന്നിവയില്‍ പരാജയപ്പെട്ടു. ഇങ്ങനെ വികസനമുരടിപ്പിന്റെ അഞ്ച് വര്‍ഷങ്ങളാണ് കഴിയുന്നതെന്ന് പ്രതിപക്ഷാംഗങ്ങളും ആരോപിക്കുന്നു.
വികസനമുന്നേറ്റം എല്ലാമേഖലയിലും
-എച്ച്.വിഘ്‌നേശ്വര ഭട്ട് (പഞ്ചായത്ത് പ്രസിഡന്റ്- കോണ്‍ഗ്രസ്)
*വിവരസാങ്കേതികവിദ്യയ്ക്ക് പ്രാധാന്യംനല്കി.
*6.75 കോടി രൂപയുടെ സമ്പൂര്‍ണ കുടിവെള്ളപദ്ധതി അവസാനഘട്ടത്തില്‍.
*ഗ്രാമീണറോഡുകള്‍ക്ക് മുന്തിയ പരിഗണനനല്കി ഗതാഗതയോഗ്യമാക്കി.
*ജൈവകൃഷിക്ക് പ്രത്യേക പരിഗണന.
*മുഴുവന്‍ അങ്കണവാടികള്‍ക്കും കെട്ടിടം.
*കുടുംബശ്രീ കാര്‍ഷികവിപണനകേന്ദ്രത്തിന് മാലക്കല്ലില്‍ കെട്ടിടം.
*നീര്‍ത്തടപദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുള്ള ശ്രമം.
കര്‍ഷകരെ മറന്ന ഭരണം
-ഒക്ലാവ് കൃഷ്ണന്‍ (സി.പി.എം.)
*കാര്‍ഷികമേഖലയായ പഞ്ചായത്തിലെ കര്‍ഷകരെ വിലത്തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ സബ്‌സിഡിയടക്കം വാങ്ങിച്ചെടുക്കുന്നതില്‍ പരാജയപ്പെട്ടു.
*2013-ല്‍ ആരംഭിച്ച സമ്പൂര്‍ണ കുടിവെള്ളപദ്ധതി പാതിവഴിയില്‍.
*മൃഗീയഭൂരിപക്ഷതണലില്‍ സ്വജനപക്ഷപാതത്തോടെ വീടുകളും മറ്റു അനുകൂല്യങ്ങളും വിതരണം ചെയ്യുന്നു.
* ഭരണപക്ഷത്തിന് സംസ്ഥാനഭരണമുണ്ടായിട്ടും പഞ്ചായത്തിലേക്ക് കൂടുതല്‍ ഫണ്ട് വാങ്ങിച്ചെടുക്കാന്‍ സാധിച്ചില്ല.
*പഞ്ചായത്തിനുകീഴിലെ വനിത കശുവണ്ടി സംസ്‌കരണ യൂണിറ്റ് വിപുലീകരിച്ച് കൂടുതല്‍ വനിതകള്‍ക്ക് ജോലി ലഭ്യമാക്കുന്നതില്‍ പരാജയം.
*വാര്‍ധക്യകാല പെന്‍ഷന്‍പദ്ധതി മുഴുവന്‍ ആളുകള്‍ക്കും ലഭ്യമാക്കുന്നതില്‍ വീഴ്ചവരുത്തി.
*പ്രധാന ടൗണുകളില്‍ ശൗചാലയം വേണമെന്ന ആവശ്യത്തിന് അവഗണന.
ഭരണം തികഞ്ഞ പരാജയം
-എച്ച്.ഗോപി ഒരള (ബി.ജെ.പി.)
*നീര്‍ത്തടപദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതില്‍ പരാജയം.
*സമ്പൂര്‍ണ കുടിവെള്ളപദ്ധതി പൂര്‍ത്തീകരിക്കുന്നതില്‍ വീഴ്ചവരുത്തി.
*ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും പ്രയോജനപ്പെടുന്ന രൂപത്തില്‍ നടപ്പാക്കാന്‍ ഭരണസമിതിക്ക് സാധിച്ചില്ല.
*പ്രധാന ടൗണായ കൊട്ടോടിയില്‍ ബസ് കാത്തിരിപ്പുകേന്ദ്രം എന്ന ആവശ്യം ചുവപ്പുനാടയില്‍.
രൂപവത്കരണം:
2000 ഒക്ടോബര്‍ 1.
വാര്‍ഡുകള്‍: 14
ജനസംഖ്യ: 19419
വിസ്തൃതി: 60.83 ച.കി.മീ.
കക്ഷിനില:
കോണ്‍ഗ്രസ്: 11
കേരള കോണ്‍ഗ്രസ്: 1
സി.പി.എം.: 1
ബി.ജെ.പി.: 1

More Citizen News - Kasargod