കാര്യങ്കോട് പാലം: വിദഗ്ധ സംഘം പരിശോധനയ്ക്ക് എത്തി

Posted on: 15 Aug 2015നീലേശ്വരം: ദേശീയപാതയിലെ കാര്യങ്കോട് പാലത്തിന്റെ അപകടാവസ്ഥ പരിശോധിക്കാന്‍ വിദഗ്ധ സംഘം എത്തി. പാലത്തിന്റെ തൂണുകളും തെക്കുഭാഗത്തുള്ള റോഡിലെ വലിയ വിള്ളലും അപകടാവസ്ഥയിലാണെന്ന് 'മാതൃഭൂമി' റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് എന്‍ജിനീയര്‍മാര്‍ ഉള്‍പ്പെടെയുള്ള വിദഗ്ധ സംഘം പാലം പരിശോധിച്ചത്.
നിത്യവും ചരക്കുവാഹനങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന കാര്യങ്കോട് പാലത്തിന്റെ അപകടാവസ്ഥ ഭീകരമായതിനാലാണ് ബലക്ഷയം പരിശോധിക്കാന്‍ ഉന്നതസംഘംതന്നെ മുങ്ങല്‍ വിദഗ്ധരുമായി വെള്ളിയാഴ്ച എത്തിയത്. പാലത്തിന്റെ തൂണുകളുടെ ബലക്ഷയം മുങ്ങല്‍ വിദഗ്ധരുടെ സഹായത്താലാണ് സംഘം പരിശോധിച്ചത്. പാലത്തിന്റെ തൂണുകള്‍ സംഘം വിശദമായി പരിശോധിച്ചു. തൂണുകളുടെ പ്ലാറ്റ്‌ഫോമുകള്‍ക്കും ചില തൂണുകള്‍ക്കും കാര്യമായ ബലക്ഷയം സംഭവിച്ചതായി വിദഗ്ധ സംഘം അറിയിച്ചു. കാര്യങ്കോട് നിലവിലുള്ള പാലത്തിന്റെ അല്പം കിഴക്കുമാറി പുതിയ പാലത്തിനുള്ള നിര്‍ദേശം ഉണ്ടെങ്കിലും ഇനിയും അതിനുള്ള പ്രാരംഭനടപടി തുടങ്ങിയിട്ടില്ല. കാര്യങ്കോട് പാലത്തിന് അരനൂറ്റാണ്ടോളം പഴക്കമുണ്ട്. എന്നാല്‍, ഒരുവിധ അറ്റകുറ്റപ്പണിയും നാളിതുവരെയായും നടത്തിയിട്ടില്ല. പാലത്തിന്റെ കൈവരികള്‍ വാഹനങ്ങള്‍ ഇടിച്ച് തകര്‍ന്നനിലയിലാണ്. പാലത്തിന്റെ തെക്ക്-വടക്ക് ഭാഗത്തെ തൂണുകള്‍ നിലംപതിച്ചിട്ട് ഏറെയായി. നീലേശ്വരം പാലത്തിന്റെ സ്ഥിതിയും ഇതില്‍നിന്ന് വ്യത്യസ്തമല്ല. ഈ സാഹചര്യത്തില്‍ ജില്ലയിലെ അപകടാവസ്ഥയിലുള്ള ഏതാനും പാലങ്ങളും സംഘം പരിശോധിച്ചു. കാസര്‍കോട് ദേശീയപാത അസി. എന്‍ജിനീയര്‍ എ.അനില്‍കുമാര്‍, കോഴിക്കോട് പദ്മജാ സ്‌പെഷലൈസേഷന്‍ കമ്പനി എന്‍ജിനീയര്‍ എം.മെഹബൂബ്, മുങ്ങല്‍ വിദഗ്ധരായ കോഴിക്കോട് ചാലിയത്തെ സാവേദ്, ഇബ്രാഹിം എന്നിവരാണ് പരിശോധകസംഘത്തിലുണ്ടായിരുന്നത്.

More Citizen News - Kasargod