മലയോര ഹൈവേ: റൂട്ട് നിര്‍ണയ യാത്ര നടത്തി

Posted on: 15 Aug 2015രാജപുരം: മലയോര ഹൈവേ താലൂക്ക് ആസ്ഥാനവുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കര്‍മസമിതിയുടെ നേതൃത്വത്തില്‍ റൂട്ട് നിര്‍ണയ യാത്ര നടത്തി. രാജപുരം, കള്ളാര്‍, മാലക്കല്ല്, ആനക്കല്ല്, പടുപ്പ്, പാണ്ടി, അത്തനാടി, പടിയത്തടുക്ക, മുള്ളേരിയ, ബദിയടുക്ക, പെര്‍ള, പൈവളിഗെ, സുംഗതകട്ട, നന്ദാരപദവ് എന്നിവിടങ്ങളിലാണ് കര്‍മസമിതി ഭാരവാഹികളും നാട്ടുകാരും റൂട്ട് നിര്‍ണയ പഠനയാത്ര നടത്തിയത്.
മലയോര വികസനസമിതി സെക്രട്ടറി ജോസഫ് കനകമൊട്ട ജാഥാ ക്യാപ്റ്റന്‍ ഫാ. ഷാജി വടക്കേതൊട്ടിക്ക് പതാക കൈമാറിയാണ് യാത്ര തുടങ്ങിയത്. പടുപ്പ്, ആനക്കല്ല്, മാലക്കല്ല്, കള്ളാര്‍ വഴിയുള്ള പാതയായിരുന്നു സര്‍ക്കാറിന്റെ പരിഗണനയില്‍ ഉണ്ടായിരുന്നത്. എന്നാല്‍, നാറ്റ്പാക്ക് പടുപ്പ് മുതല്‍ മാലക്കല്ല് വരെയുള്ള ദൂരം തെറ്റായി കണക്കാക്കി. ഇതോടെ വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാനവും കള്ളാര്‍ പഞ്ചായത്തിനുകീഴിലുള്ള പ്രദേശങ്ങളും ഒഴിവാക്കപ്പെട്ടതായി കര്‍മസമിതി പറഞ്ഞു.
പടുപ്പ്, ആനക്കല്ല്, മാലക്കല്ല്, രാജപുരം, ബളാല്‍, വെള്ളരിക്കുണ്ട്, മാലോം, വള്ളിക്കടവ്, കാറ്റാംകവല, ചിറ്റാരിക്കാല്‍ വഴി ചെറുപുഴയിലേക്കെത്തുംവിധം പാത പുനഃക്രമീകരിച്ചാല്‍ ഒട്ടേറെ സര്‍ക്കാര്‍ സ്ഥാപനങ്ങളെയും രാജപുരം കോളേജിനെയും താലൂക്ക് ആസ്ഥാനത്തെയും ബന്ധപ്പെടുത്താന്‍ കഴിയും. ഈ രീതിയില്‍ പാത പുനര്‍നിര്‍ണയിക്കണമെന്നാശ്യപ്പെട്ടാണ് കര്‍മസമിതിയുടെ നേതൃത്വത്തില്‍ റൂട്ട് നിര്‍ണയ പഠനയാത്ര സംഘടിപ്പിച്ചത്.
കള്ളാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീലാമ്മ ജോസ് പഠനയാത്ര ഉദ്ഘാടനം ചെയ്തു. രാജപുരം ഫൊറോന വികാരി ഫാ. ഷാജി വടക്കേതൊട്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം അബ്രാഹം കടുതോടി, മലയോര വികസനസമിതി സെക്രട്ടറി ജോസഫ് കനകമൊട്ട, ബാബു കദളിമറ്റം, എ.സി.എ.ലത്തീഫ്, കെ.കെ. ജെന്നി, കെ.എം.ബാബു, ടോമി വാഴപ്പള്ളി, ജിജി കുര്യന്‍, സി.ടി.ലൂക്കോസ്, വിനോദ് സോമി, ഫാ. റെജി കൊച്ചുപറമ്പില്‍, ഫാ. തോമസ് അമ്പക്കാടന്‍, വി.കുഞ്ഞിക്കണ്ണന്‍, എം.എം.സൈമണ്‍ എന്നിവര്‍ പ്രസംഗിച്ചു. രാജപുരത്ത് നിന്ന് ആരംഭിച്ച യാത്രയ്ക്ക് വിവിധ സ്ഥലങ്ങളില്‍ സ്വീകരണം നല്‍കി. നന്ദാരപദവില്‍ ജാഥ സമാപിച്ചശേഷം ഭാരവാഹികള്‍ വിവിധ രാഷ്ട്രീയ നേതൃത്വങ്ങളുമായി ചര്‍ച്ച നടത്തുന്നതിന്റെ ഭാഗമായി സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസില്‍ ജില്ലാ സെക്രേട്ടറിയറ്റംഗവും മുന്‍ എം.എല്‍.എ.യുമായ സി.എച്ച്.കുഞ്ഞമ്പു, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇ.പത്മാവാതി എന്നിവരുമായി ചര്‍ച്ച നടത്തി.

More Citizen News - Kasargod