റോഡുനവീകരണം പാതിവഴിയില്‍

Posted on: 15 Aug 2015ഇരിയ: റോഡുനവീകരണത്തിനായി ഒരുമാസംമുമ്പ് ഇറക്കിയ ജില്ലിക്കൂനകളും കോണ്‍ക്രീറ്റിങ് യന്ത്രവും വാഹനങ്ങള്‍ക്ക് അപകടഭീഷണിയാകുന്നു. ഏഴാംമൈല്‍-എണ്ണപ്പാറ റോഡില്‍ മുക്കുഴി എസ് വളവിനുസമീപമിറക്കിയ ജില്ലിക്കൂനകളും കോണ്‍ക്രീറ്റ് മിക്‌സിങ് യന്ത്രവുമാണ് വാഹനങ്ങള്‍ക്ക് അപകടഭീഷണി ഉയര്‍ത്തുന്നത്.
അരക്കോടി രൂപയുടെ റോഡുനവീകരണത്തിന്റെ ഭാഗമായി രണ്ടുമാസംമുമ്പാണ് മുക്കുഴി വളവില്‍ ഓവുചാല്‍ നിര്‍മാണത്തിന്റെ ജോലി തുടങ്ങിയത്. പണി പാതിവഴിയില്‍ നിര്‍ത്തുകയായിരുന്നു. പണിക്കാവശ്യമായ ജില്ലി ഇറക്കിയിരിക്കുന്നത് വീതികുറഞ്ഞ റോഡിന്റെ ടാര്‍ചെയ്ത ഭാഗത്താണ്. കൊടുംവളവും ഇറക്കവുമുള്ള റോഡില്‍ വളരെയേറെ പ്രയാസപ്പെട്ടാണ് ഡ്രൈവര്‍മാര്‍ വാഹനം നിയന്ത്രിക്കുന്നത്. റോഡില്‍ ജില്ലിക്കൂനകളുണ്ടായതോടെ ഇവിടെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവായി.
റോഡിന്റെ പണി നിര്‍ത്തിവെച്ചതിനെതിരെയും അശാസ്ത്രീയമായ ഓവുചാല്‍ നിര്‍മാണത്തിനെതിരെയും നാട്ടുകാരും ഡ്രൈവര്‍മാരും ചേര്‍ന്ന് കര്‍മസമിതി രൂപവത്കരിക്കാനുള്ള ഒരുക്കത്തിലാണ്. ഓവുചാലിന്റെഭാഗമായി നടത്തിയ ആദ്യ കോണ്‍ക്രീറ്റിങ് മഴയില്‍ പലഭാഗത്തും ഒലിച്ചുപോയിട്ടുണ്ട്. ഇതേസ്ഥലത്ത് കഴിഞ്ഞവര്‍ഷം നടത്തിയ റോഡ് വീതികൂട്ടല്‍ പ്രവൃത്തിയെക്കുറിച്ചും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. വീതികൂട്ടിയഭാഗം ഇപ്പോള്‍ താഴ്ന്നുകൊണ്ടിരിക്കുകയാണ്. ഈഭാഗത്ത് നടന്ന റോഡുപ്രവൃത്തികളെക്കുറിച്ച് ജില്ലാ പഞ്ചായത്ത് സമഗ്രാന്വേഷണം നടത്തണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

More Citizen News - Kasargod