കസബ തുറമുഖ നിര്‍മാണം അശാസ്ത്രീയമെന്ന് കര്‍മസമിതി

Posted on: 15 Aug 2015കാസര്‍കോട്: കസബ തുറമുഖ നിര്‍മാണം അശാസ്ത്രീയമാണെന്ന് കാസര്‍കോട് കസബ സംയുക്ത കര്‍മസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. നിര്‍മാണംനടക്കുന്ന അഴിമുഖത്തിലെ പുലിമുട്ടിന്റെ വീതി കുറഞ്ഞുപോയതിനാല്‍ ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും കടന്നുപോകാന്‍ വിഷമമാണ്. അരിക് ഭിത്തിയിലിടിച്ച് അപകടമുണ്ടാവുമെന്നും അവര്‍ പറഞ്ഞു.
പുഴയുടെഭാഗത്ത് വീതിയുണ്ടെങ്കിലും കടലിന്റെഭാഗത്തെ പുലിമുട്ടിന്റെ വീതി വളരെ കുറവാണ്. തെക്കുപടിഞ്ഞാറുഭാഗത്ത് ശക്തമായ കടലേറ്റത്തില്‍ പുലിമുട്ടിന്റെ കല്ലുകള്‍ ഇളകിമാറി ചാലിന്റെ നടുവിലെത്തി. അശാസ്ത്രീയമായ നിര്‍മാണത്തില്‍ കോടികള്‍ കളയുന്നതല്ലാതെ ഒരുവിധത്തിലുള്ള ഉപകാരവും കിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. കടല്‍ഭാഗത്തെ വീതികൂട്ടി വടക്കുഭാഗത്തെ പുലിമുട്ടിന്റെ നീളവുംകൂട്ടി നിര്‍മിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തില്‍ കര്‍മസമിതി ചെയര്‍മാന്‍ മൂത്തോടി അയത്താര്‍, പാണന്‍ കാരണവര്‍, രവീന്ദ്രന്‍ വെളിച്ചപ്പാടന്‍, ആര്‍.ജയന്‍ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Kasargod