ആര്‍.എം.എസ്.എ: 'റോഡ് ഉപരോധിക്കും'

Posted on: 15 Aug 2015കാസര്‍കോട്: ആര്‍.എം.എസ്.എ. സ്‌കൂളുകളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് സപ്തംബര്‍ ഒന്നിന് കുട്ടികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ച് കാസര്‍കോട് ബി.സി. റോഡ് ഉപരോധിക്കുമെന്ന് സ്‌കൂള്‍ പി.ടി.എ.കളുടെ നേതൃത്വത്തിലുള്ള സമരസമിതിയുടെ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വിദ്യാഭ്യാസപരമായി പിന്നാക്കമായ സ്ഥലങ്ങളില്‍ നാല് വര്‍ഷം മുമ്പ് ആരംഭിച്ച ആര്‍.എം.എസ്.എ. സ്‌കൂളുകളിലെ പി.ടി.എ.കള്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ രണ്ട് ഘട്ടമായി 17 സ്‌കൂളാണ് അനുവദിച്ചത്. നാട്ടുകാരുടെ നേതൃത്വത്തില്‍ പിരിവെടുത്ത് സ്ഥലവും അടിസ്ഥാന സൗകര്യങ്ങളുമുണ്ടാക്കിയെങ്കിലും വേണ്ടത്ര അധ്യാപകരെ ഇനിയും നിയമിച്ചിട്ടില്ല. കേന്ദ്ര ഉത്തരവ് പ്രകാരമുള്ള അഞ്ച് അധ്യാപകരും ഒരു പ്രഥമാധ്യാപകനും എന്നത് പാലിക്കുന്നുണ്ടെങ്കിലും കുട്ടികളുടെ ക്രമാതീതമായ വര്‍ധന കാരണം എല്ലാ സ്‌കൂളിലും കൂടുതല്‍ ഡിവിഷനും അധ്യാപകരും വേണ്ടിവരുന്നു. അധികമായി നിയമിക്കുന്ന അധ്യാപകന്റെ ബാധ്യത വഹിക്കേണ്ട സംസ്ഥാന സര്‍ക്കാരാകട്ടെ ഇതിന് തയ്യാറാകാത്തതിനാല്‍ പി.ടി.എ.യ്ക്ക് വന്‍ ബാധ്യതയാണുണ്ടാകുന്നത്.
നിലവില്‍ ആര്‍.എം.എസ്.എ. സ്‌കൂളുകളില്‍ പ്യൂണ്‍, ക്ലര്‍ക്ക്, ശാസ്ത്രാധ്യാപക തസ്തികകള്‍ പി.ടി.എ. നേതൃത്വത്തില്‍ സൃഷ്ടിക്കേണ്ടിവന്നു. എന്നാല്‍ പല ഭാഗങ്ങളില്‍നിന്നുള്ള നിരന്തര സമ്മര്‍ദത്തിന്റെ ഫലമായി ഈ തസ്തികയെല്ലാം റദ്ദാക്കിയതായി ആര്‍.എം.എസ്.എ. പ്രോജക്ട് ഡയറക്ടര്‍ പുതിയ ഉത്തരവിറക്കി. ഇതുപ്രകാരം ഒരു ക്ലാസില്‍ നൂറിലധികം കുട്ടികള്‍ പഠിക്കേണ്ട ഗതികേടാണുള്ളത്. ഈ സാഹചര്യത്തിലാണ് സമരസമിതി രൂപവത്കരിച്ച് പ്രത്യക്ഷസമരവുമായി പി.ടി.എ. കമ്മിറ്റികള്‍ രംഗത്തെത്തിയത്.
21-ന് ജില്ലയിലെത്തുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരില്‍കണ്ട് പ്രശ്‌നം അവതരിപ്പിക്കുമെന്നും അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ ഓണപ്പരീക്ഷ ബഹിഷ്‌കരിക്കുന്നതുള്‍പ്പെടെയുള്ള സമരമാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ സമരസമിതി ചെയര്‍പേഴ്‌സണ്‍ ഇ.പത്മാവതി, കണ്‍വീനര്‍ സി.എച്ച്. മുജീബ്, കെ. പ്രവീണ്‍കുമാര്‍, കെ.കെ. നാരായണന്‍, ഇ.രാഘവന്‍, ആര്‍.രാജേഷ്, ജോഷി സേവ്യര്‍ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Kasargod