മൗനിബാബയുടെ സ്ഥലം കൈമാറ്റ വില്‍പത്രം; സമഗ്രാന്വേഷണം വേണമെന്ന് ആശ്രമ സംരക്ഷണസമിതി

Posted on: 14 Aug 2015ചെറുവത്തൂര്‍: മൗനിബാബ ആശ്രമതുല്യം പരിപാലിച്ച ചെറുവത്തൂര്‍ കണ്ണാടിപ്പാറയിലെ 'പ്രശാന്തി' ഉള്‍പ്പെട്ട 34 ഏക്കര്‍ സ്ഥലം സംബന്ധിച്ച് ബാബ മരിക്കുന്നതിനുമുമ്പ് തയ്യാറാക്കിയതെന്ന് പറയുന്ന വില്‍പത്രത്തെക്കുറിച്ചും തുടര്‍ന്നുനടന്ന കൈമാറ്റത്തെക്കുറിച്ചും സമഗ്രാന്വേഷണം നടത്തണമെന്ന് മൗനിബാബ ആശ്രമസംരക്ഷണസമിതി ആവശ്യപ്പെട്ടു.
തനിക്ക് ഒസ്യത്തിലൂടെ എഴുതിക്കിട്ടിയ സ്ഥലം കൂടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്കിയെന്ന് ബാബയുടെകൂടെ കഴിഞ്ഞവരുടെ വാദം നിയമാനുസൃതം നിലനില്ക്കുന്നതല്ല. മൗനിബാബ മരിക്കുന്നതിനുമുമ്പ് ഒസ്യത്ത് എഴുതിവെച്ചെന്ന് പറയുന്നതില്‍ത്തന്നെ ദുരൂഹതയുണ്ട്. സഹോദരിയും മക്കളും ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ നിലവിലിരിക്കെ അവരുടെ കാര്യങ്ങളൊന്നും പരാമര്‍ശിക്കാതെ ബാബ വില്‍പത്രം തയ്യറാക്കിയെന്ന് പറയുന്നതില്‍ത്തന്നെ സംശയം നിഴലിക്കുന്നതായി സമിതി ഭാരവാഹികള്‍ പറയുന്നു.
ഭൂപരിധിനിയമപ്രകാരം കൈവശംവെയ്ക്കാവുന്നതില്‍ കൂടുതല്‍ സ്ഥലം സ്വന്തമാക്കി കൂടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്കിയെന്ന് പറയുന്നത് നിയമലംഘനമാണെന്നിരിക്കെ വില്‍പത്രത്തെ സംബന്ധിച്ചും തുടര്‍ന്നുനടന്ന കൈമാറ്റങ്ങളെക്കുറിച്ചുമുള്ള ദുരൂഹത പുറത്തുകൊണ്ടുവരാന്‍ സമഗ്രാന്വേഷണം വേണമെന്ന നിലപാടിലാണ് സംരക്ഷണസമിതി.
മൗനിബാബ രാജ്യാന്തരബന്ധമുള്ള വ്യക്തിയായതിനാല്‍ അദ്ദേഹത്തിന്റെ മരണം സംബന്ധിച്ച് നാട്ടില്‍ നിലനില്ക്കുന്ന സംശയങ്ങളും ദൂരീകരിക്കണം. ഇതിനായി ആഭ്യന്തരവകുപ്പ് നേരിട്ട് അന്വേഷണത്തിന് ഉത്തരവിടണമെന്നും സമിതി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ആഭ്യന്തരമന്ത്രിക്കും റവന്യൂമന്ത്രിക്കും മൗനിബാബ ആശ്രമസംരക്ഷണസമിതി നിവേദനം നല്കും.

More Citizen News - Kasargod