സൗഹൃദം പങ്കുവെച്ച് 'ഇടതന്മാര്‍'

Posted on: 14 Aug 2015കാഞ്ഞങ്ങാട്: ചിത്താരി സ്‌കൂളില്‍ 23 ഇടങ്കൈയന്മാരുണ്ട്. അവര്‍ ഒരുമിച്ച് വ്യാഴാഴ്ച ചിത്രംവരച്ചു. പരസ്​പരം ഹസ്തദാനം നടത്തി സ്‌നേഹം പങ്കിട്ടു. എല്ലാവരും ചേര്‍ന്നുനിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തു. എല്ലാത്തിനും സാക്ഷിയായ മറ്റുകുട്ടികള്‍ ഉച്ചത്തില്‍ കൈയടിച്ചു. എന്താണ് ഇത്തരത്തിലൊരു പരിപാടിയെന്ന് ആശ്ചര്യത്തോടെ ചോദിച്ച് പലരും മുന്നോട്ടുവന്നു. അവര്‍ക്കെല്ലാം പുതിയൊരു അറിവായിരുന്നു അത്. ആഗസ്ത് 13 ലോക ഇടങ്കൈയന്മാരുടെ ദിനമാണ്. അധികമാരുമറിയാതെപോയ ഈ ദിനം നിറപ്പകിട്ടാര്‍ന്ന ആഘോഷമാക്കി മാറ്റുകയായിരുന്നു ചിത്താരി ഹിമായത്തുല്‍ ഇസ്ലാം എ.യു.പി. സ്‌കൂള്‍. രാവിലെ അസംബ്ലി വിളിച്ച് കുട്ടികളോട് പ്രഥമാധ്യാപകന്‍ കെ.അബ്ദുള്‍അസീസ് ഇടങ്കൈയന്മാരുടെ ലോകദിനത്തെക്കുറിച്ച് സംസാരിച്ചു. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വലതുകൈക്കാരനാണെങ്കിലും അദ്ദേഹം എഴുതുന്നത് ഇടതുകൈകൊണ്ടാണെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടി. ഇടതുകൈക്കാരായ സൗരവ്ഗാംഗുലി, സനത് ജയസൂര്യ തുടങ്ങി അറിയപ്പെടുന്ന പല ഇടങ്കൈയന്മാരെ ക്കുറിച്ചുള്ള ചര്‍ച്ചയും നടന്നു. അധ്യാപകരായ കെ.ബിന്ദു, കെ.ഫാരിസ, ബി.കെ.അബ്ദുള്‍ അസീസ്, എന്‍.കുഞ്ഞാമത്, പി.സ്‌നേഹപ്രഭ, കെ.പി.ജാഫര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod