തട്ടുകടയുടെ വിജയരഹസ്യം പറഞ്ഞ് അധ്യാപകവേഷത്തില്‍ പരിപ്പുവട പ്രകാശന്‍

Posted on: 13 Aug 2015കാഞ്ഞങ്ങാട്: 'ബിസിനസ്സില്‍ മാസ്റ്റര്‍ ബിരുദവും നൂതനസാങ്കേതികവിദ്യയും കൈമുതലാക്കിക്കൊള്ളൂ. പക്ഷേ, അതുകൊണ്ടുമാത്രം നല്ലൊരു ബിസിനസ്സുകാരനാകാന്‍ ആര്‍ക്കും കഴിയില്ല. ബിസിനസ്സില്‍ നേട്ടം കൊയ്തവരുടെ ജീവിതത്തെ അടുത്തറിയുകയാണ് ഏതൊരു ബിസിനസ് വിദ്യാര്‍ഥിക്കും കഴിയേണ്ടത്' -ബുധനാഴ്ചത്തെ ക്ലാസില്‍ അധ്യാപകന്‍ ഇത്രയും പറഞ്ഞപ്പോള്‍ ഹൊസ്ദുര്‍ഗ് സ്‌കൂളിലെ കൊമേഴ്‌സ് വിദ്യാര്‍ഥികള്‍ തങ്ങളുടെ വിഷയത്തിലെ ആദ്യ പാഠം ഏതെന്ന് തിരിച്ചറിയുകയായിരുന്നു.
കൊമേഴ്‌സ് ക്ലാസിലെ അധ്യാപനത്തിലെന്തേ ഇത്ര പുതുമ എന്നുചോദിക്കാന്‍ വരട്ടെ; ക്ലാസെടുത്തത് നീലേശ്വരത്ത് തട്ടുകട നടത്തി വിജയം നേടിയ പരിപ്പുവട പ്രകാശനാണ്. ഒരുരൂപയ്ക്ക് പരിപ്പുവട വിറ്റ് നീലേശ്വരത്തിനകത്തും പുറത്തും അറിയപ്പെട്ട പ്രകാശന്‍ തന്റെ ജീവിതവഴികളെ ഒന്നൊന്നായി എടുത്തുപറഞ്ഞു. ആത്മവിശ്വാസവും കഠിനപ്രയത്‌നവും വേണം. ലാഭക്കൊതിയുണ്ടാകാനും പാടില്ല. ഇതാണ് തന്നെ ജീവിതത്തിന്റെ വളര്‍ച്ചയിലെത്തിച്ചത്. ഒന്നാമത്തെ അധ്യായം പോലെ പ്രകാശന്‍ പറഞ്ഞപ്പോള്‍ നോട്ടുപുസ്തകത്തില്‍ അതെല്ലാം കുറിച്ചിടാന്‍ കുട്ടികള്‍ മറന്നില്ല. ഒട്ടേറെ എതിര്‍പ്പുകളുണ്ടായി. അതെല്ലാം തരണംചെയ്തപ്പോള്‍ ഹൗസ്‌ബോട്ട് മാതൃകയില്‍ വലിയ ഹോട്ടല്‍ കെട്ടിപ്പടുക്കാന്‍ കഴിഞ്ഞു. ഇപ്പോഴും നാമമാത്ര വിലയ്ക്ക് പരിപ്പുവട നല്കുന്നു. പരിപ്പുവടയുടെ രുചിയുടെയും കച്ചവടരഹസ്യങ്ങളുടെയും രസക്കൂട്ട് പകര്‍ന്നുനല്കിയ പ്രകാശന് കുട്ടികള്‍ ഹൗസ്‌ബോട്ട് മാതൃകയിലുള്ള ഉപഹാരവും നല്‍കി. പ്രിന്‍സിപ്പല്‍ ഒ.വി.മോഹനന്‍ ഉപഹാരം കൈമാറി.

More Citizen News - Kasargod