ചെക്‌പോസ്റ്റിലെ ഗതാഗതക്കുരുക്കില്‍ യാത്രക്കാര്‍ വലയുന്നു

Posted on: 13 Aug 2015മഞ്ചേശ്വരം: മഞ്ചേശ്വരം ചെക്‌പോസ്റ്റിന് സമീപം ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. കഴിഞ്ഞദിവസങ്ങളില്‍ വൈകിട്ട് മണിക്കൂറുകളോളമാണ് വാഹനങ്ങള്‍ കുരുങ്ങിക്കിടന്നത്. ചെക്‌പോസ്റ്റിന് സമീപം പരിശോധനയ്ക്കായി വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതാണ് കുരുക്കിന് കാരണം. റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതുകാരണം പരിശോധനകഴിഞ്ഞ വാനങ്ങള്‍ക്കും സുഗമമായി കടന്നുപോകാന്‍ കഴിയുന്നില്ല. ഹൊസങ്കടി മുതല്‍ 500 മീറ്ററോളം ദൂരത്തില്‍ ദേശീയപാതയ്ക്ക് ഇരുവശവും ടാങ്കര്‍ ലോറികളുള്‍പ്പെടെ നിര്‍ത്തിയിടുന്നു. ഇത് ദേശീയപാതയില്‍ ഗതാഗത തടസ്സത്തിന് കാരണമാകുന്നു. ചെക്‌പോസ്റ്റ് വികസനത്തിനുവേണ്ടി ഏറ്റെടുത്ത സ്ഥലത്ത് താത്കാലിക പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പലപ്പോഴും വാഹനങ്ങള്‍ ഇവിടെ കയറുന്നില്ല. രോഗികളെ കൊണ്ടുപോകുന്ന ആംബുലന്‍സുകളും വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരും സ്‌കൂള്‍ വാഹനങ്ങളുമെല്ലാം കുരുക്കില്‍പ്പെടുന്നു. ഏതാനും പോലീസുകാരും നാട്ടുകാരും ചേര്‍ന്നാണ് ദിവസവും ഗതാഗതം നിയന്ത്രിക്കുന്നത്. ചെക്‌പോസ്റ്റിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പി.ബി.അബ്ദുള്‍ റസാഖ് എം.എല്‍.എ. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി. പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് എം.എല്‍.എ. അറിയിച്ചു.

More Citizen News - Kasargod