'പനിക്കാതിരിക്കണോ, കൊതുകിനെ അകറ്റണം' സീഡ് വിദ്യാര്‍ഥികള്‍ ലഘുലേഖകളുമായി വീടുകളിലെത്തി

Posted on: 13 Aug 2015കാഞ്ഞങ്ങാട്: രോഗംവന്ന് ചികിത്സതേടുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ നോക്കുന്നതല്ലേ? സീഡ് വിദ്യാര്‍ഥികളുടെ ചോദ്യത്തിന് അതെ എന്ന ഒറ്റ ഉത്തരം മാത്രമായിരുന്നു വീട്ടുകാര്‍ക്ക്. മേലാങ്കോട്ട് എ.സി.കണ്ണന്‍ നായര്‍ സ്മാരക ഗവ. യു.പി. സ്‌കൂള്‍ മാതൃഭൂമി സീഡ് വിദ്യാര്‍ഥികളാണ് പകര്‍ച്ചപ്പനികള്‍ക്കെതിരെയുള്ള ബോധവത്കരണവുമായി നാട്ടിലിറങ്ങിയത്.
ഡെങ്കിപ്പനിപോലുള്ള മാരകരോഗങ്ങള്‍ തടയാന്‍ പരിസരശുചീകരണത്തിന്റെയും കൊതുതുനശീകരണത്തിന്റെയും കാര്യങ്ങള്‍ വിദ്യാര്‍ഥികള്‍ വീട്ടുകാരെ ഓര്‍മിപ്പിച്ചു. ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശക ലഘുലേഖകളും കുട്ടികള്‍ വീട്ടുകാര്‍ക്ക് നല്കി. പ്ലക്കാര്‍ഡുകളുമേന്തി ജാഥയായി മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടായിരുന്നു കുട്ടികളുടെ യാത്ര. പ്രദേശത്തെ നൂറോളം വീടുകളില്‍ സംഘം കയറിയിറങ്ങി.
യാത്രയ്ക്കുമുമ്പായി അജാനൂര്‍ പി.എച്ച്.സി.യിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അജിത്ത് കുട്ടികള്‍ക്കായി ക്ലാസ് നടത്തി. പ്രഥമാധ്യാപകന്‍ രവീന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. പി.കുഞ്ഞിക്കണ്ണന്‍, രാജീവന്‍, കെ.വി.സുധ, എം.അനിത, തങ്കമണി എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod