വൈദ്യുതത്തൂണുകള്‍ക്ക് ക്ഷാമം; പുതിയ കണക്ഷന്‍ വൈകുന്നു

Posted on: 13 Aug 2015കാഞ്ഞങ്ങാട് നഗരസഭയുടെ തെരുവുവിളക്ക്പദ്ധതി നടപ്പാക്കാനായില്ല


കാഞ്ഞങ്ങാട്:
വൈദ്യുതത്തൂണുകള്‍ക്ക് ക്ഷാമം നേരിട്ടതോടെ കാഞ്ഞങ്ങാട് മലയോരമേഖലകളില്‍ പുതിയ കണക്ഷന്‍ നല്കുന്നത് വൈകുന്നു. പ്രധാനമായും ഗാര്‍ഹിക കണക്ഷന് ആവശ്യമായ ഏഴുമീറ്റര്‍, എട്ടുമീറ്റര്‍ തൂണുകളാണ് ഇല്ലാത്തത്. പല പദ്ധതികളില്‍ ഉള്‍പ്പെട്ട് കണക്ഷന്‍ ലഭിക്കേണ്ടവര്‍ വൈദ്യുതി വകുപ്പില്‍ പണമടച്ചിട്ടും കണക്ഷന്‍ ലഭിക്കാത്ത സ്ഥിതിയിലാണ്.
കാഞ്ഞങ്ങാട് നഗരസഭയുടെ തെരുവുവിളക്ക് പദ്ധതി വൈദ്യുതത്തൂണുകള്‍ ഇല്ലാത്തതിനാല്‍ ഇതുവരെയും തുടങ്ങാന്‍ സാധിച്ചിട്ടില്ല. കാഞ്ഞങ്ങാട്, മാവുങ്കാല്‍, ചിത്താരി, നീലേശ്വരം സെക്ഷനുകള്‍ക്ക് കീഴില്‍ ഇതുമായി ബന്ധപ്പെട്ട് നഗരസഭ മാസങ്ങള്‍ക്കു മുമ്പ് പണം അടച്ചിരുന്നു. തെരുവുവിളക്ക് സ്ഥാപിക്കാന്‍ വൈദ്യുതിവകുപ്പ് തയ്യാറാണെങ്കിലും ആവശ്യമായ തൂണുകള്‍ ഇല്ലാത്തതുകാരണം പദ്ധതി നടപ്പാക്കാനായില്ല. മാവുങ്കാല്‍ സെക്ഷനുകീഴില്‍ വരുന്ന നഗരസഭാ പ്രദേശത്തുതന്നെ 35ലേറെ തൂണുകള്‍ പദ്ധതിക്കായി വേണ്ടിവരുമെന്നാണ് മാവുങ്കാല്‍ വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പദ്ധതി തുടങ്ങാന്‍ വൈകുന്നത് സംബന്ധിച്ച് ഉന്നത വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്കിയതായി നഗരസഭാധ്യക്ഷ കെ.ദിവ്യ പറഞ്ഞു.
പ്രകൃതിക്ഷോഭം മൂലവും മറ്റും തകരാറിലാകുന്ന തൂണുകള്‍ മാറ്റിസ്ഥാപിക്കാന്‍പോലും തൂണുകള്‍ ഇല്ലാത്ത സ്ഥിതിയാണ്. പുതിയ തൂണുകള്‍ എത്തിയില്ലെങ്കില്‍ ജില്ലയിലെ വൈദ്യുതി മേഖലയുടെ സ്ഥിതി അവതാളത്തിലാകും.


എം.എല്‍.എ. നിവേദനം നല്കി

കാഞ്ഞങ്ങാട്:
കാഞ്ഞങ്ങാട് മണ്ഡലത്തിലെ വൈദ്യുതത്തൂണുകളുടെ ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. മന്ത്രി ആര്യാടന്‍ മുഹമ്മദിനും കെ.എസ്.ഇ.ബി. ചെയര്‍മാനും ചീഫ് എന്‍ജിനീയര്‍ക്കും നിവേദനംനല്കി. സര്‍ക്കാര്‍ ബി.പി.എല്‍. വിഭാഗത്തിനായി നടപ്പാക്കിയ സൗജന്യ വൈദ്യുതി പദ്ധതിപോലും ജില്ലയില്‍ നടപ്പാക്കാനായില്ലെന്ന് എം.എല്‍.എ. നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. മുന്‍കൂറായി പണമടച്ച ഉപഭോക്താക്കള്‍ക്കുപോലും കണക്ഷന്‍ ലഭിക്കാത്ത സ്ഥിതിയാണെന്ന് എം.എല്‍.എ. പറഞ്ഞു.
പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണുമെന്ന് മന്ത്രി ഉറപ്പ് നല്കിയതായി എം.എല്‍.എ. വെളിപ്പെടുത്തി.

More Citizen News - Kasargod