പൊതുശുചിത്വ സമുച്ചയങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കും

Posted on: 13 Aug 2015കാസര്‍കോട്: നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടും ഉപയോഗിക്കാത്ത പൊതു ശുചിത്വസമുച്ചയങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ ജില്ലാ ശുചിത്വസമിതി യോഗം തീരുമാനിച്ചു. കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്.കുര്യാക്കോസ് അധ്യക്ഷതവഹിച്ചു. കളക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ സംബന്ധിച്ചു. പഞ്ചായത്തുകളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ചില പൊതുശുചിത്വ സമുച്ചയങ്ങള്‍ വെള്ളവുംവൈദ്യുതിയും ലഭിക്കാത്തതിനാല്‍ ഉപയോഗിക്കാതെ നശിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. നടപ്പുസാമ്പത്തികവര്‍ഷത്തില്‍ കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ കോയിത്തട്ട, കോടോം-ബേളൂര്‍ പഞ്ചായത്തിലെ പൊടവടുക്കം മുളിയാര്‍ പഞ്ചായത്തിലെ പാലത്തോട് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഐ.സി.ഡി.എസ്. ഓഫീസ് പരിസരം എന്നിവിടങ്ങളില്‍ നാല് പൊതുശുചിത്വസമുച്ചയങ്ങള്‍ പൂര്‍ത്തീകരിക്കും. 2204 കുടുംബങ്ങള്‍ക്ക് വ്യക്തിഗത ഗാര്‍ഹിക കക്കൂസ് നിര്‍മാണത്തിന് 13 ഗ്രാമപ്പഞ്ചായത്തുകളിലായി 13704000 രൂപയും അനുവദിച്ചു. ജില്ലയിലെ പഞ്ചായത്തുകളിലും നഗരസഭകളിലും നടത്തിയ ബേസ്ലൈന്‍ സര്‍വേയുടെ ഡാറ്റാ എന്‍ട്രി ഉടന്‍ പൂര്‍ത്തീകരിക്കാന്‍ കുടുംബശ്രീ ജില്ലാ മിഷന് കളക്ടര്‍ നിര്‍ദേശം നല്കി.
മഴക്കാലപൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി തനത് ഫണ്ട് ചെലവഴിച്ച തദ്ദേശഭരണസ്ഥാപനങ്ങള്‍ വിനിയോഗ സാക്ഷ്യപത്രം ജില്ലാ ശുചിത്വമിഷന് ഉടന്‍ ലഭ്യമാക്കണം. മാലിന്യംവര്‍ധിക്കുന്നത് നിയന്ത്രിക്കാന്‍ പൊതുപരിപാടികളിലും സര്‍ക്കാര്‍യോഗങ്ങളിലും പേപ്പര്‍ഗ്ലാസുകളുടെ ഉപയോഗം പരമാവധി കുറയ്ക്കണമെന്ന് ശുചിത്വസമിതി ആവശ്യപ്പെട്ടു. സംസ്ഥാന ശുചിത്വമിഷന്‍ നടത്തുന്ന 'മാലിന്യത്തില്‍നിന്ന് മോചനം' പരിപാടി ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിലും കോളേജുകളിലും സമയബന്ധിതമായി നടപ്പാക്കണമെന്നും യോഗം നിര്‍ദേശിച്ചു.

More Citizen News - Kasargod