ജില്ലയിലെ ആദ്യത്തെ കൊയ്ത്തുമെതിയന്ത്രം നീലേശ്വരത്തെത്തി

Posted on: 12 Aug 2015നീലേശ്വരം: ജില്ലയിലെ ആദ്യ കൊയ്ത്തുമെതിയന്ത്രം നീലേശ്വരത്തെത്തി. ജില്ലാ പഞ്ചായത്തിന്റെ സാമ്പത്തികസഹായത്തോടെ 22 ലക്ഷം രൂപ ചെലവില്‍ കൃഷി വകുപ്പിന് കീഴിലുള്ള ജില്ലാ ആഗ്രോ സര്‍വീസ് സെന്ററിലേക്കാണ് യന്ത്രം എത്തിയത്.

കൊയ്‌തെടുത്ത നെല്ല് വേര്‍തിരിച്ച് നല്കുന്നതാണ് യന്ത്രത്തിന്റെ പ്രവര്‍ത്തനം. യന്ത്രം പ്രവര്‍ത്തിക്കണമെങ്കില്‍ കര്‍ഷകന് ചുരുങ്ങിയത് ഒരേക്കര്‍ സ്ഥലമെങ്കിലും വേണ്ടിവരും. തൊഴിലാളിക്ഷാമംമൂലം നെല്‍ക്കൃഷിതന്നെ ഒഴിവാക്കിയ കര്‍ഷകര്‍ക്ക് മെതിയന്ത്രം ആശ്വാസകരമായിരിക്കും. നീലേശ്വരം ബ്ലോക്ക് പരിധിയിലെ 1000 ഹെക്ടറോളം വരുന്ന പാടശേഖരങ്ങള്‍ക്ക് ഈ യന്ത്രം പ്രയോജനപ്പെടുത്താനാവും. മണിക്കൂറിന് 3,000 രൂപയാണ് വാടക. 40 തൊഴിലാളികള്‍ മൂന്നുമണിക്കൂര്‍കൊണ്ട് ചെയ്യുന്ന ജോലി യന്ത്രം മൂന്നുമണിക്കൂറിനുള്ളില്‍ ചെയ്യും.

നീലേശ്വരം കൃഷിഭവന്‍ കേന്ദ്രത്തിന് സമീപത്തെ എക്‌സ്‌്െറ്റന്‍ഷന്‍ കേന്ദ്രത്തിലാണ് യന്ത്രമെത്തിയത്. ബെംഗളൂരുവില്‍നിന്നാണ് യന്ത്രം കൊണ്ടുവന്നത്. യന്ത്രത്തിന്റെ ഡ്രൈവിങ്പരിശീലനം കര്‍ഷകര്‍ക്ക് സൗജന്യമായി നല്കും. മുന്‍വര്‍ഷങ്ങളില്‍ പാടശേഖരസമിതികള്‍ കൂട്ടായി പണംമുടക്കി മറ്റുജില്ലകളില്‍നിന്ന് യന്ത്രം കൊണ്ടുവന്നായിരുന്നു കൊയ്ത്തും മെതിയും നടത്തിയിരുന്നത്. കഴിഞ്ഞവര്‍ഷം കൃഷിവകുപ്പ് ഞാറ് നടീല്‍യന്ത്രം കൊണ്ടുവന്ന് 150 ഏക്കറില്‍ കൃഷിക്ക് അനുയോജ്യമാക്കിയിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് കൊയ്ത്തുമെതിയന്ത്രമെത്തിയത്.

More Citizen News - Kasargod