വേതനവര്‍ധന: ഗസ്റ്റ് അധ്യാപകര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു

Posted on: 11 Aug 2015കാഞ്ഞങ്ങാട്: 'ഞങ്ങള്‍ അസംഘടിതരായിപ്പോയതുകൊണ്ടാണോ ഇത്രയും വലിയ അവഗണന'; ചോദ്യം ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ദിവസവേതനത്തിന് പഠിപ്പിക്കുന്നവരുടേത്. 'ഉച്ചക്കഞ്ഞി ഉണ്ടാക്കുന്നവര്‍ മുതല്‍ എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വേതനം കൂട്ടി. സ്ഥിരാധ്യാപകരുടെ കുറവില്‍ ഒരു ക്ലാസ് പോലും മുടങ്ങാതെ കാക്കുന്ന ഗസ്റ്റ് അധ്യാപകര്‍ക്ക് മാത്രം ഒരു തുകപോലും വര്‍ധിപ്പിച്ചില്ല. പന്തിയില്‍ പക്ഷഭേദം കാട്ടുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് ഗസ്റ്റ് അധ്യാപകര്‍. മാസ്റ്റര്‍ ബിരുദവും സെറ്റും ബി.എഡ്ഡും യോഗ്യതയുള്ള ഗസ്റ്റ് അധ്യാപകര്‍ക്ക് പ്രതിദിനം പ്രതിഫലമായി കിട്ടുന്നത് പരമാവധി 600 രൂപ. ഭൂരിപക്ഷം അധ്യാപകര്‍ക്കും മാസത്തില്‍ 20-ല്‍ താഴെ ദിവസങ്ങളില്‍ മാത്രമമേ ജോലിയുണ്ടാകൂ. പതിനായിരത്തില്‍ താഴെ രൂപയാണ് ഇതു പ്രകാരം മാസത്തില്‍ കിട്ടുന്നത്. കിലോമീറ്ററുകളോളം യാത്രചെയ്താണ് പലരും സ്‌കൂളിലെത്തുന്നത്. ഉത്സവബത്തയോ മറ്റോ ഇവര്‍ക്കില്ല. ജോലിക്കായുള്ള കാത്തിരിപ്പിനിടെ കുടുംബം പോറ്റാനുള്ള തത്രപ്പാടിലാണ് മിക്കവരും ഗസ്റ്റ് അധ്യാപകരുടെ വേഷം അണിയുന്നത്. ഈ മേഖലയില്‍ കയറുന്നവരാകട്ടെ അധ്യാപന ജീവിതത്തിലലിഞ്ഞുചേരുന്നു. ഇത് മറ്റൊരു ജോലിക്ക് പോകാനുള്ള മാനസികാവസ്ഥ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇതെല്ലാം പരമാവധി മുതലെടുത്തുള്ള നിലപാടാണ് വിദ്യാഭ്യാസവകുപ്പിന്റേതെന്ന് ഗസ്റ്റ് അധ്യാപകര്‍ പറയന്നു. മിക്ക സ്‌കൂളുകളിലും സ്ഥിരാധ്യാപകരോടൊപ്പമോ അല്ലെങ്കില്‍ അതിനേക്കാള്‍ അധികമോ ഉത്തരവാദിത്വത്തോടെ ഈ വിഭാഗക്കാര്‍ ജോലിചെയ്യുന്നു. ഓണക്കാലമായി. പതിവുപോലെ ഉത്സവബത്തയും മറ്റ് ആനുകൂല്യങ്ങളും വാങ്ങി എല്ലാ അധ്യാപകരും ആഘോഷത്തിനൊരുങ്ങി. എന്നാല്‍, വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടിയ ജീവിതത്തിനിടയില്‍ കൈയില്‍ കിട്ടുന്ന തുച്ഛമായ തുകയുമായി ഈ ഓണക്കാലത്തും പകച്ചുനില്‍ക്കുകയാണ് ഹയര്‍സെക്കന്‍ഡറി ഗസ്റ്റ് അധ്യാപകര്‍. പുതിയ ശമ്പളക്കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം പ്ലസ് ടു മേഖലയിലെ സീനിയര്‍ അധ്യാപകരുടെ പ്രതിമാസ ശമ്പളം 41,500 രൂപയും ജൂനിയര്‍ അധ്യാപകരുടേത് 33,900 രൂപയുമാണെന്ന് ഗസ്റ്റ് അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു. ഗസ്റ്റ് അധ്യാപകര്‍ക്ക് പ്രതിമാസം 20,000 രൂപ കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് രണ്ടുവര്‍ഷം മുമ്പ് ഹൈക്കോടതി തൊഴില്‍വകുപ്പിനോട് ഉത്തരവിട്ടിരുന്നു. ഹൈക്കോടതി വിധി നടപ്പാക്കിയില്ലെന്ന് മാത്രമല്ല, ഉള്ള ആനുകൂല്യങ്ങള്‍ തട്ടിത്തെറിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ഈ വിഭാഗം അധ്യാപകര്‍ പറയുന്നു. ഇപ്പോള്‍ ശനിയാഴ്ച ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനും അവധിയാണ്. ശനിയാഴ്ചത്തെ ക്ലാസിന് പകരം മറ്റു ദിവസങ്ങളില്‍ അധികസമയം പഠിപ്പിക്കുകയാണ്. ഗസ്റ്റ് അധ്യാപകരെ സംബന്ധിച്ചിടത്തോളം അധികസമയം പഠിപ്പിക്കുകയും വേണം. ഒരുദിവസത്തെ വേതനം ഇല്ലാതാകുകയും ചെയ്തു. അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസുള്ള ഗസ്റ്റ് അധ്യാപകരെ സ്ഥിരപ്പെടുത്തണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇവര്‍ സംഘടിക്കാനും സമരം ചെയ്യാനുമൊരുങ്ങുന്നത്.

More Citizen News - Kasargod