നീലേശ്വരം ബ്ലോക്ക് ക്ഷീരസംഗമം ഓലാട്ട്

Posted on: 11 Aug 2015ചെറുവത്തൂര്‍: നീലേശ്വരം ബ്ലോക്ക് ക്ഷീരസംഗമം ആഗസ്ത് 12, 13 തീയതികളില്‍ കൊടക്കാട് ഓലാട്ട് നടക്കും. കന്നുകാലിപ്രദര്‍ശനം, ക്ഷീരവികസന സെമിനാര്‍, ക്ഷീരകര്‍ഷകര്‍ക്ക് ആദരം, അവാര്‍ഡ് വിതരണം, വിവിധ മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ക്ഷീരവികസനവകുപ്പ്, നീലേശ്വരം ബ്ലോക്കിലെ ക്ഷീര സഹകരണസംഘങ്ങള്‍, മില്‍മ, ത്രിതല പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് ക്ഷീരസംഗമം നടത്തുന്നത്. കന്നുകാലിപ്രദര്‍ശനം 12-ന് ഉച്ചയ്ക്ക് രണ്ടിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ശാന്ത ഉദ്ഘാടനംചെയ്യും. ക്ഷീരസംഗമം 13-ന് രാവിലെ 10ന് കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. ഉദ്ഘാടനംചെയ്യും. മികച്ച ക്ഷീരകര്‍ഷകരെ അവാര്‍ഡ് നല്കി ആദരിക്കും. വിവിധമേഖലകളില്‍ മികച്ചവിജയം നേടിയ കര്‍ഷകരുടെ മക്കളെ അനുമോദിക്കും.
തുടര്‍ന്ന് ക്ഷീരവികസന സെമിനാറില്‍ എന്‍.രമേഷ്, പി.വി.ആസാദ് എന്നിവര്‍ വിഷയം അവതരിപ്പിക്കും. ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എം.ശോഭന മോഡറേറ്ററായിരിക്കും.
പാല്‍ ഉത്പാദനത്തില്‍ നീലേശ്വരം ബ്ലോക്കില്‍ അഞ്ചുവര്‍ഷംകൊണ്ട് 50 ശതമാനം വര്‍ധനയുണ്ടായതായി ക്ഷീരവികസനഓഫീസര്‍ പി.എച്ച്.സിറാജുദ്ദീന്‍ പറഞ്ഞു. ദിവസം 26000 ലിറ്റര്‍ പാല്‍ മില്‍മയ്ക്കും 14000 ലിറ്റര്‍ പാല്‍ ഗാര്‍ഹികാവശ്യത്തിനും ക്ഷീരോത്പാദക സഹകരണസംഘങ്ങള്‍വഴി വിതരണംചെയ്യുന്നുണ്ട്. 6500 അംഗങ്ങളുള്ള 54 സംഘങ്ങളിലായി 7600 കര്‍ഷകര്‍ ദിവസവും പാല്‍ അളക്കുന്നതായും ക്ഷീരവികസന ഓഫീസര്‍ പറഞ്ഞു. 54 സംഘങ്ങളില്‍നിന്നായി 55 ക്ഷീരകര്‍ഷകര്‍ സംഗമത്തില്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ കെ.നാരായണന്‍, കെ.ഗോപാലന്‍, കെ.രമ്യ തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Kasargod