നീലേശ്വരം ബസ്സ്റ്റാന്‍ഡില്‍ മരങ്ങള്‍ വളരുന്നു

Posted on: 11 Aug 2015നീലേശ്വരം: നഗരസഭാ ബസ്സ്റ്റാന്‍ഡില്‍ ആല്‍, അരയാല്‍ മരങ്ങള്‍ വളരുന്നത് നഗരസഭ അറിഞ്ഞില്ല. കെട്ടിടത്തിന്റെ കിഴക്ക് പ്രവേശനകവാടത്തിന് സമീപം ഒന്നാംനിലയിലാണ് അരയാല്‍ വളര്‍ന്നുവരുന്നത്. ഇതിന്റെ വടക്കുഭാഗത്ത് മറ്റൊരു മരവും വളരുന്നുണ്ട്. കെട്ടിടത്തിന്റെ പടിഞ്ഞാറ്ഭാഗം സ്ത്രീകള്‍ ബസ് കാത്തിരിക്കുന്ന സ്ഥലത്താണ് ആല്‍മരം വളര്‍ന്നുവരുന്നത്. ഇത് വലുതായതിനെത്തുടര്‍ന്ന് വെട്ടിമാറ്റിയിരുന്നെങ്കിലും തുടര്‍ന്നും വളരുന്നുണ്ട്. കെട്ടിടത്തിന്റെ താഴത്തെനിലയുടെ തെക്കുഭാഗത്ത് പുല്‍ച്ചെടികള്‍ വളര്‍ന്നുനില്ക്കുകയാണ്. ഈ മരങ്ങളെല്ലാം വളര്‍ന്നുവരുന്നത് കെട്ടിടത്തിന് ഭീഷണിയായിട്ടുണ്ട്.
നാല് പതിറ്റണ്ടുമുമ്പ് നിര്‍മിച്ച ബസ്സ്റ്റാന്‍ഡ് കെട്ടിടത്തിന് ഇതുവരെ കാര്യമായ അറ്റകുറ്റപ്പണികള്‍ ഒന്നും നടത്താത്തതിനാല്‍ അപകടഭീഷണിയിലാണ്. കോണ്‍ക്രീറ്റ് മേല്‍ക്കൂരകള്‍ അടര്‍ന്നുവീഴുക പതിവാണ്. വൈദ്യുതി വയറിങ്ങുകള്‍ പൂര്‍ണമായും നശിച്ചനിലയിലാണ്. കെട്ടിടത്തിന്റെ ഒന്നാംനിലയില്‍ നേരത്തേ പ്രവര്‍ത്തിച്ചിരുന്ന ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസും ഇറിഗേഷന്‍ ഓഫീസും മറ്റ് പ്രദേശങ്ങളിലേക്ക് മാറിക്കഴിഞ്ഞു. കാലപ്പഴക്കത്താല്‍ കെട്ടിടം ചോര്‍ന്നൊലിക്കുകയാണ്. നേരത്തേയുണ്ടായിരുന്ന കക്കൂസുകള്‍ ഒഴിവാക്കി മറ്റ് ആവശ്യങ്ങള്‍ക്കാണ് ഉപയോഗിച്ചുവരുന്നത്. കെട്ടിടത്തില്‍ യാത്രക്കാര്‍ക്ക് ബസ് കാത്തുനില്ക്കാന്‍ പരിമിതമായ സൗകര്യങ്ങള്‍ മാത്രമേയുള്ളൂ. അതിനാല്‍ വേനലിലും വര്‍ഷത്തിലും യാത്രക്കാര്‍ക്ക് പുറത്തുനില്‌ക്കേണ്ട സ്ഥിതിയാണ്.

More Citizen News - Kasargod