ജോലിഭാരത്തിനെതിരെ പ്രതിഷേധം: ഇന്നുമുതല്‍ നാലുദിവസം പ്രൈമറി പ്രഥമാധ്യാപകര്‍ അവധിയെടുത്ത് പഠിപ്പിക്കും

Posted on: 11 Aug 2015
കാഞ്ഞങ്ങാട്:
ജോലിഭാരത്തിനെതിരെ പ്രൈമറി മേഖലയിലെ പ്രഥമാധ്യാപകര്‍ പ്രക്ഷോഭത്തിലേക്ക്. സമരത്തിന്റെ ആദ്യഘട്ടമായി ചൊവ്വാഴ്ച മുതല്‍ നാലുദിവസം കാസര്‍കോട് ജില്ലയിലെ പ്രഥമാധ്യാപകര്‍ അവധിയെടുത്ത് പഠിപ്പിക്കും.
ജില്ലാ പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ കോ-ഓര്‍ഡിനേഷന്‍ എന്ന പേരില്‍ കമ്മിറ്റി രൂപവത്കരിച്ചാണ് പ്രഥമാധ്യാപകര്‍ സമരരംഗത്തിറങ്ങിയത്. അധ്യാപനത്തിന് പുറമെ ക്ലാര്‍ക്കിന്റെയും പ്യൂണിന്റെയും തുടങ്ങി എല്ലാ ജോലിയും ചെയ്യേണ്ട ഗതികേടാണ് പ്രഥമാധ്യാപകര്‍ക്കെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. ഉച്ചക്കഞ്ഞിക്ക് അനുവദിക്കുന്ന കാശുപോലും മാസങ്ങളായി കുടിശ്ശികവരുത്തി. വിദ്യാഭ്യാസ ഓഫീസര്‍മാരുടെ മാനസികപീഡനവും ഉണ്ടാകുന്നതായി പ്രഥമാധ്യാപകര്‍ പറയുന്നു. നെറ്റിലൂടെ ദിനംപ്രതി അയച്ചുകിട്ടുന്ന സന്ദേശങ്ങള്‍ക്ക് തത്ക്ഷണം മറുപടി അയയ്ക്കുക. വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് ലഭിക്കാവുന്ന സ്‌കോളര്‍ഷിപ്പുകള്‍ പ്രഥമാധ്യാപകന്റെ അക്കൗണ്ടിലേക്ക് ചെക്കുവഴി കൈമാറി അധികഭാരം അടിച്ചേല്പിക്കുക, സ്‌കൂള്‍ സമയത്തുതന്നെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് മുപ്പതോളം സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളുമായി നിരന്തരം കത്തിടപാടുകള്‍ നടത്തുകയും അവര്‍ വിളിച്ചുചേര്‍ക്കുന്ന യോഗങ്ങളില്‍ സംബന്ധിക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ വണ്ടിക്കാളകളെപ്പോലെ ചെയ്തുതീര്‍ക്കുകയാണ് തങ്ങളെന്നും പ്രൈമറി പ്രഥമാധ്യാപകര്‍ പറയുന്നു. പ്രഥമാധ്യാപകരെ ക്ലാസ്ചാര്‍ജില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് പ്രശ്‌നത്തിന് പരിഹാരം കാണമമെന്നാണ് സംഘടനയുടെ ആവശ്യം. പ്രക്ഷോഭത്തിന്റെ അടുത്തഘട്ടമായി വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിനുമുമ്പില്‍ ധര്‍ണ നടത്തും. ഔദ്യോഗിക കോണ്‍ഫറന്‍സുകളൊഴികെ പ്രഥമാധ്യാപകര്‍ പങ്കെടുക്കേണ്ട മുഴുവന്‍ യോഗങ്ങളും ബഹിഷ്‌കരിക്കും. വിവിധ മേളകള്‍ക്കുവേണ്ടി നിയമവിധേയമല്ലാതെ നടക്കുന്ന പണപ്പിരിവുമായി നിസ്സഹരിക്കും. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ നിര്‍വഹണച്ചുമതലയില്‍ നിന്ന് പിന്മാറും. യോഗത്തില്‍ ടി.വി.രവീന്ദ്രന്‍ അധ്യക്ഷനായിരുന്നു. രാജന്‍ കരിവെള്ളൂര്‍ സംസാരിച്ചു. അഡ്‌ഹോക് കമ്മിറ്റി ഭാരവാഹികളായി എം.പി.രാഘവന്‍ (കണ്‍വീനര്‍, എം.വി.രാമചന്ദ്രന്‍, പി.വി.സുരേഷ്, സി.പങ്കജാക്ഷി, വനജാക്ഷി, പി.മുരളീധരന്‍ എന്നിവരെ തിരഞ്ഞടുത്തു.

More Citizen News - Kasargod