മൂസോടി കടപ്പുറം കടലെടുക്കുന്നു

Posted on: 11 Aug 2015മഞ്ചേശ്വരം: ഉപ്പള മൂസോടി കടപ്പുറത്ത് കടലേറ്റം രൂക്ഷമായി തുടരുന്നു. ഒരാഴ്ചയ്ക്കുള്ളിലുണ്ടായ ശക്തമായ കടലേറ്റത്തില്‍ ഒന്നരഏക്കറോളം സ്ഥലം കടലെടുത്തു. രണ്ടുവീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ജുമാമസ്ജിദും പത്തോളം വീടുകളും അപകടഭീഷണിയിലുമാണ്.
രൂക്ഷമായ കടലേറ്റത്തില്‍ ബീഫാത്തിമ, ആയിഷ എന്നിവരുടെ വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. മാഹിന്‍, യൂസുഫ്, മറിയമ്മ, ജമീല, മൂസ, അബ്ബാസ്, അലി, ആസ്യ, അബ്ദുള്ള എന്നിവരുടെ വീടുകള്‍ക്ക് ഭാഗികമായി കേട്പറ്റി. 50-ലധികം തെങ്ങുകള്‍ കടപുഴകിവീണു. ദുരിതബാധിതരെ മൂസോടി ഗവ. എല്‍.പി. സ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
കാലവര്‍ഷം കനക്കുമ്പോഴെല്ലാം കടലേറ്റം ശക്തമാകുന്ന ഇവിടെ ജനങ്ങളുടെ ജീവന് ഒരു സുരക്ഷിതത്വവുമില്ല. പലരുടേയും സ്ഥലം പകുതിയിലധികം കടലെടുത്തുകഴിഞ്ഞു. ബാങ്കില്‍ പണയപ്പെടുത്തിയ സൈനബിയുടെ 27 സെന്റ് സ്ഥലം കടല്‍ക്ഷോഭത്തില്‍ ഒലിച്ചുപോയി.
അശാസ്ത്രീയമായ കടല്‍ഭിത്തി നിര്‍മാണമാണ് കടലേറ്റംശക്തമാകാന്‍ കാരണം. കടലോരപ്രദേശത്ത് പകുതിസ്ഥലത്ത് മാത്രമേ കടല്‍ഭിത്തി നിര്‍മിച്ചിട്ടുള്ളൂ. ഇതുമൂലം ബാക്കിഭാഗങ്ങളില്‍ കടലേറ്റം രൂക്ഷമാകുന്നു. കടലേറ്റത്തെത്തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങള്‍ ദുരിതമനുഭവിക്കുകയാണ്. കടലേറ്റം തടയാന്‍ കടല്‍ഭിത്തി നിര്‍മിക്കണമെന്നും മിച്ചമുള്ള സ്ഥലവും വീടും സംരക്ഷിക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

More Citizen News - Kasargod