'ലജ്ജി'നെ തിരിച്ചുകൊണ്ടുവന്ന് വെള്ളിക്കോത്തെ കുട്ടികള്‍

Posted on: 11 Aug 2015കാഞ്ഞങ്ങാട്: ക്രിക്കറ്റിന്റെയും ഫുട്‌ബോളിന്റെയും വരവോടെ അകന്നുപോയ കായിക വിനോദങ്ങളെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് വെള്ളിക്കോത്തെ കുട്ടികള്‍. നെഹ്രു ബാലവേദിയിലെ കുട്ടികളാണ് സായാഹ്ന വിനോദങ്ങളില്‍നിന്ന് തത്കാലം ക്രിക്കറ്റിനെയും ഫുട്‌ബോളിനെയും വോളിബോളിനെയും ഒഴിവാക്കി 'ലജ്ജി'നെ കൂട്ടുപിടിച്ചത്.
ചെറിയ മെതാനത്ത് കൂടുതല്‍പേരെ ഉള്‍പ്പെടുത്തി കളിക്കാമെന്നതാണ് ലജ്ജിന്റെ പ്രത്യേകത. കളിയുപകരണമായി ഒരു പന്തും കുറച്ച് പൊട്ടിയ ഓട്ടിന്‍ കഷണങ്ങളും മാത്രം മതി. ഒന്നുനുമുകളിലൊന്നായി അടുക്കിവയ്ക്കുന്ന ഓട്ടിന്‍ കഷണങ്ങള്‍ നിശ്ചിതദൂരത്തുനിന്ന് എറിഞ്ഞുവീഴ്ത്തുന്നതോടെയാണ് കളിക്ക് ജീവന്‍െവയ്ക്കുന്നത്. ഇരു ടീമുകളായി നടത്തുന്ന കളിയില്‍ 'ലജ്ജ്' എറിഞ്ഞുവീഴ്ത്തിയ ടീമംഗങ്ങള്‍ എതിര്‍ടീമിന്റെ പന്തിന്റെ ഏറ് ഏല്‍ക്കാതെ ലജ്ജ് വീണ്ടും അടുക്കിവയ്ക്കുന്നതോടെയാണ് ഒരുഗെയിം അവസാനിക്കുന്നത്.
'ലജ്ജി'നോടൊപ്പം കുട്ടിയും കോലും, സോഡി തുടങ്ങിയ കളികളും തിരിച്ചുകൊണ്ടുവന്ന് പുതുതലമുറയ്ക്ക് പരിചയപ്പെടുത്തണമെന്നാണ് മുതിര്‍ന്ന ടീമംഗങ്ങള്‍ പറയുന്നത്.

More Citizen News - Kasargod