കോടോം-ബേളൂരില്‍ ക്ഷീരഗ്രാമംപദ്ധതി തുടരും

Posted on: 11 Aug 2015കാസര്‍കോട്: പാല്‍ ഉത്പാദനത്തില്‍ സ്വയംപര്യാപ്തതനേടാന്‍ കോടോം-ബേളൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ ഈവര്‍ഷവും ക്ഷീരഗ്രാമംപദ്ധതി തുടരും. പദ്ധതി പ്രകാരം ഈവര്‍ഷം 100 പശുക്കളെ വാങ്ങാന്‍ പഞ്ചായത്ത് ഗുണഭോക്താക്കള്‍ക്ക് സാമ്പത്തികസഹായം അനുവദിക്കും. പദ്ധതിയുടെ നടത്തിപ്പിന് 12.50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
കഴിഞ്ഞവര്‍ഷമാണ് ക്ഷീരഗ്രാമംപദ്ധതി പഞ്ചായത്തില്‍ തുടങ്ങിയത്. എട്ടുലക്ഷം രൂപ ചെലവില്‍ 80 പശുക്കളെ വാങ്ങാനാണ് പഞ്ചായത്ത് സഹായധനം നല്കിയത്. പദ്ധതി വിജയകരമായതിനാലാണ് ഈവര്‍ഷവും തുടരാന്‍ തീരുമാനിച്ചത്. 2012-13ല്‍ പഞ്ചായത്തിലെ പാലുത്പാദനം 8,42,550 ലിറ്ററായിരുന്നുവെങ്കില്‍ കഴിഞ്ഞവര്‍ഷം 11,23,114 ലിറ്ററായി വര്‍ധിച്ചു.
ഗ്രാമസഭവഴിയാണ് പദ്ധതിയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക. സ്വന്തമായി തൊഴുത്തുള്ളവര്‍, ക്ഷീരസംഘങ്ങളില്‍ അംഗത്വമുള്ളവര്‍, ക്ഷീരമേഖലയില്‍ പ്രാവിണ്യം തെളിയിച്ചവര്‍ എന്നിവര്‍ക്ക് പദ്ധതികളുടെ ഗുണഭോക്താക്കളാകാം. വനിതകള്‍, വിധവകള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്കും. കഴിഞ്ഞവര്‍ഷം 10,000 രൂപയാണ് പശുവിനെ വാങ്ങാന്‍ സഹായധനം നല്കിയതെങ്കില്‍ ഈവര്‍ഷം 15,000 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.

More Citizen News - Kasargod