അപകടമൊഴിയാതെ മയ്യിച്ച; അധികൃതര്‍ കണ്ണ് തുറക്കുന്നില്ല

Posted on: 10 Aug 2015ചെറുവത്തൂര്‍: ദേശീയപാതയില്‍ മയ്യിച്ചയില്‍ അപകടമൊഴിഞ്ഞ ദിവസങ്ങളില്ല. അപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും പട്ടിക ഭയപ്പെടുത്തുന്നതാണ്. വാഹനങ്ങള്‍ തമ്മിലിടിക്കുന്നതിനേക്കാളേറെ ഇരുഭാഗങ്ങളിലെ കുഴികളിലേക്കും വെള്ളക്കെട്ടിലേക്കും മറിഞ്ഞാണ് അപകടം. റോഡിന്റെ വീതിക്കുറവും ഇരുഭാഗങ്ങളില്‍ സ്ഥലമില്ലാത്തതുമാണ് അപകടത്തിന് വഴിവെയ്ക്കുന്നത്. ഇരുഭാഗങ്ങളിലേക്കും വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ തമ്മിലിടിക്കാതിരിക്കാന്‍ നടത്തുന്ന ശ്രമം അപകടത്തില്‍ കലാശിക്കുന്നു.
സമീപവാസികളുടെ മനോധൈര്യം കൊണ്ടാണ് അപകടത്തില്‍പെട്ടവര്‍ പലരും ഇന്ന് ജീവനോടെയിരിക്കുന്നത്. കഴിഞ്ഞ ഒന്നര മാസത്തിനിടയില്‍ ചെറുതും വലുതമായ ഇരുപതിലേറേ അപകടം മയ്യിച്ചയിലുണ്ടായി. കഴിഞ്ഞ ജൂണ്‍ 26-ലെ അപകടത്തിന്റെ നടുക്കം മയ്യിച്ചക്കാര്‍ക്ക് ഇതുവരെ മാറിയിട്ടില്ല. അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്താനോടിയെത്തിയ യുവാവിന്റെ വലതുകൈ നഷ്ടമായി. ഇപ്പോഴും മംഗളൂരുവില്‍ ചികിത്സയിലാണ്.
ദേശീയപാതയില്‍ മയ്യിച്ചയ്ക്ക് പുറമേ കരുവാച്ചേരി വളവ്, ചീറ്റക്കാല്‍ വളവ്, മയ്യിച്ച ഐസ് പ്ലാന്റ്, ഞാണങ്കൈ വളവ് എന്നിവിടങ്ങളിലും അപകടം വിട്ടൊഴിയാറില്ല. അപകടം തടയാന്‍ നടപടിയെടുക്കേണ്ട അധികൃതര്‍ കണ്ണടച്ചിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. റോഡിന്റെ വികസനത്തിന് രണ്ടര കോടിയുടെ പ്രോജക്ട് തയ്യാറാക്കി സര്‍ക്കാരിന്റെ അംഗീകാരത്തിന് സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് സ്ഥലം എ.എല്‍.എ.യുടെ വിശദീകരണം.
ജൂണ്‍ 26-ലെ അപകടത്തെത്തുടര്‍ന്ന് ഒരാഴ്ചയ്ക്കകം നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണാധികാരികള്‍ നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കിയതാണ്. അപകടം നടന്ന് അടുത്ത ദിവസം രാവിലെ റവന്യൂ, പൊതുമാരാമത്ത് വകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. റോഡരികില്‍ അപകടമുന്നറിയിപ്പ് ബോര്‍ഡും റോഡില്‍ ചിലയിടത്ത് റിഫ്ലക്ടറും പതിച്ച് പോയവര്‍ പിന്നീട് മയ്യിച്ചയിലെത്തിയില്ല. കഴിഞ്ഞദിവസത്തെ അപകടത്തെത്തുടര്‍ന്ന് ആഗസ്ത് 20-ന് മയ്യിച്ചയില്‍ റോഡ് വീതികൂട്ടല്‍, സുരക്ഷാ വേലി നിര്‍മാണം തുടങ്ങിയ പ്രവൃത്തിക്ക് തുടക്കംകുറിക്കുമെന്നാണ് അധികൃതരുടെ പ്രഖ്യാപനം.
നടപടികളൊന്നുമുണ്ടായില്ലെങ്കില്‍ ദേശീയപാതയില്‍ കുത്തിയിരിപ്പുസമരം നടത്തുമെന്ന് കെ.കുഞ്ഞിരാമന്‍ എം.എല്‍.എ.യും ദേശീയപാത ഉപരോധിക്കുമെന്ന് നാട്ടുകാരും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ നടപടികള്‍ക്കായി നാട്ടുകാര്‍ ആഗസ്ത് 20 വരെ കാത്തിരിക്കും. പ്രവൃത്തി തുടങ്ങിയില്ലെങ്കില്‍ 21-ന് രാവിലെ നാട്ടുകാരെല്ലാം ദേശീയപാതയില്‍ മയിച്ചയിലായിരിക്കും.

More Citizen News - Kasargod