മൗനിബാബയുടെ ആശ്രമം ട്രസ്റ്റിന് കീഴില്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത്

Posted on: 10 Aug 2015ചെറുവത്തൂര്‍: ചെറുവത്തൂര്‍ കണ്ണാടിപ്പാറയിലെ മൗനിബാബയുടെ ആശ്രമവും സ്ഥലവും വ്യക്തികള്‍ കൈക്കലാക്കുന്നതായി ആരോപിച്ച് നാട്ടുകാര്‍ രംഗത്ത്. ബാബയുടെ കൂടെയുണ്ടായിരുന്ന ചിലര്‍ വ്യാജരേഖയുണ്ടാക്കി സ്ഥലം കൈക്കലാക്കിയെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
32-ാം വയസ്സില്‍ മൗനവ്രതം സ്വീകരിച്ച് സമാധിയാകുന്നതുവരെ 48 വര്‍ഷം ആശ്രമജീവിതം നയിച്ച മൗനിബാബയുടെ സ്മരണ നിലനിര്‍ത്താന്‍ അദ്ദേഹത്തിന്റെ ആശ്രമവും സ്വത്തും അതേപോലെ നിലനിര്‍ത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ബാബയുടെ സ്മരണയ്ക്കായി സമാധിമണ്ഡപം ആശ്രമത്തിനകത്ത് പണിതിട്ടുണ്ട്. നേരത്തേ കൂടെയുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശി സുജിത്തിന്റെ നേതൃത്വത്തിലാണ് സ്മാരകം നിര്‍മിക്കാന്‍ തുടങ്ങിയത്. ഇതിനിടയില്‍ അദ്ദേഹം മരിച്ചു. സുജിത്തിന്റെ മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണവിധേയമാക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ കര്‍മസമിതി രൂപവത്കരിച്ചിട്ടുണ്ട്. മൗനിബാബ ആശ്രമസംരക്ഷണ കര്‍മസമിതി യോഗം അരവിന്ദന്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. പി.ശങ്കരന്‍ അധ്യക്ഷതവഹിച്ചു. പി.സി.കെ.നമ്പ്യാര്‍, സി.രാമകൃഷ്ണന്‍, കെ.കെ.പി.ജനാര്‍ദനകുറുപ്പ്, എം.ഗംഗാധരന്‍, ടി.വിജയന്‍, എം.നാരായണന്‍, വി.വി.ഗുരുദത്ത്, സി.സുധീര്‍ എന്നിവര്‍ സംസാരിച്ചു. കര്‍മസമിതിയുടെ നേതൃത്വത്തില്‍ മൗനിബാബയുടെ ആശ്രമത്തിന് മുമ്പിലേക്ക് നടത്തിയ മാര്‍ച്ച് ഗേറ്റിന് മുമ്പില്‍ പോലീസ് തടഞ്ഞു. ഗേറ്റിന് സമീപം ആശ്രമം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബോര്‍ഡ് സ്ഥാപിച്ചു.

More Citizen News - Kasargod