വികസനമുന്നേറ്റമെന്ന് ഭരണപക്ഷം; പക്ഷപാതിത്വമെന്ന് പ്രതിപക്ഷം

Posted on: 10 Aug 2015പെരിയ: വിഷമഴയായി പെയ്ത എന്‍ഡോസള്‍ഫാനെ പിഴുതെറിഞ്ഞ് ജൈവകൃഷി വ്യാപിപ്പിച്ച നേട്ടം ഊന്നിപ്പറഞ്ഞാവും പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. നാടെങ്ങും ജൈവകൃഷി വ്യാപിപ്പിക്കാന്‍ ഭരണപക്ഷവും പ്രതിപക്ഷവും തോളോടുതോള്‍ ചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്. 15 വര്‍ഷത്തെ ഭരണത്തുടര്‍ച്ചയ്ക്കുശേഷം ബി.ജെ.പി.യുമായി പ്രാദേശികനീക്കുപോക്ക് ഉണ്ടാക്കിയാണ് കഴിഞ്ഞതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. എല്‍.ഡി.എഫില്‍നിന്ന് ഭരണം പിടിച്ചെടുത്തത്. അഞ്ചുവര്‍ഷംകൊണ്ട് പഞ്ചായത്തിലെ വികസന മുരടിപ്പ് ഇല്ലാതാക്കി എന്നാണ് ഭരണപക്ഷം അവകാശപ്പെടുന്നത്. 1700 കുടുംബങ്ങള്‍ക്ക് ജലനിധി പദ്ധതിവഴി കുടിവെള്ളമെത്തിച്ചതും വിവിധ പ്രദേശങ്ങളില്‍ നടപ്പാലങ്ങള്‍ നിര്‍മിച്ച് യാത്രാദുരിതം പരിഹരിച്ചതും ഭിന്നശേഷിയുള്ള കുട്ടികള്‍ക്കുള്ള ബഡ്‌സ് സ്‌കൂളിന്റെ കെട്ടിടനിര്‍മാണവും 17 അങ്കണവാടികള്‍ക്ക് കെട്ടിടം നിര്‍മിക്കാനായതും പ്രധാന നേട്ടങ്ങളായി ഭരണപക്ഷം വിലയിരുത്തുന്നു. ഐ.എസ്.ഒ. സര്‍ട്ടിഫിക്കറ്റ് ലഭിച്ചതും യൂണിസെഫിന്റെ ബാലസഭ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതും ഭരണനേട്ടങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് ഭരണപക്ഷം അവകാശപ്പെടുന്നു. അതേസമയം, വ്യത്യസ്തമേഖലകളില്‍നിന്ന് ലഭിക്കുന്ന ഫണ്ട് (എം.പി., എം.എല്‍.എ., ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്) ഉപയോഗിച്ച് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഭരണനേട്ടമായി ചിത്രീകരിക്കുന്നതാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. വാര്‍ഡുകളോട് വിവേചനം കാട്ടിയതായും പ്രതിപക്ഷം ആരോപിക്കുന്നു.
നിര്‍വഹണ ഉദ്യോഗസ്ഥരെയും പഞ്ചായത്തംഗങ്ങളെയും യഥാസമയം അറിയിക്കേണ്ട വിവരങ്ങള്‍ നല്‍കുന്നതില്‍ വീഴ്ചവരുത്തിയതായും പ്രതിപക്ഷം ആരോപിക്കുന്നു. വാര്‍ഡുകള്‍: 17, ജനസംഖ്യ: 25,185, വിസ്തൃതി: 63.25 ച.കി.മി. കക്ഷിനില: സി.പി.എം.-8, കോണ്‍ഗ്രസ്-7, മുസ്ലിം ലീഗ്-1, ബി.ജെ.പി.-1.
വികസന മുന്നേറ്റത്തിലേക്ക് നയിച്ചു -സി.കെ.അരവിന്ദാക്ഷന്‍ (പഞ്ചായത്ത് പ്രസിഡന്റ്-കോണ്‍ഗ്രസ്)
* ഭിന്നശേഷിയുള്ള കുട്ടികള്‍ക്കുവേണ്ടി ബഡ്‌സ് സ്‌കൂള്‍ തുടങ്ങി
* 17 അങ്കണവാടികള്‍ക്ക് പുതിയ കെട്ടിടം
* 23 ലക്ഷം രൂപ ചെലവില്‍ കൂടാനംപാലം പുനര്‍നിര്‍മിച്ചു
* 1700 കുടുംബങ്ങള്‍ക്ക് ഏഴുകോടിരൂപയുടെ ജലനിധി കുടിവെള്ളപദ്ധതി, ഗ്രാമീണറോഡുകള്‍ 80 ശതമാനവും ഗതാഗതയോഗ്യമാക്കി
* പെരിയ മിനിസ്റ്റേഡിയത്തില്‍ 5.5 ലക്ഷംരൂപ ചെലവില്‍ ഓപ്പണ്‍ സ്റ്റേജ്

ജലനിധി ജലരേഖയായി -ടി.വി.കരിയന്‍ (സി.പി.എം.)
*ജലനിധി പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല
* വ്യത്യസ്തമേഖലകളില്‍നിന്ന് ലഭിച്ച ഫണ്ട് (എം.പി., എം.എല്‍.എ., ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്) ഭരണപക്ഷത്തിന്റെ കഴിവുകൊണ്ട് മാത്രം എന്ന ധാരണ. കൂടാതെ, അതിന്റെ ഉദ്ഘാടനങ്ങള്‍ക്ക് ബന്ധപ്പെട്ട ജനപ്രതിനിധികളെ ക്ഷണിക്കുന്നതില്‍ വിമുഖത
* നിര്‍വഹണ ഉദ്യോഗസ്ഥരും പഞ്ചായത്ത് അംഗങ്ങളും അറിയേണ്ട കാര്യങ്ങള്‍ യഥാസമയം അറിയിക്കുന്നതില്‍ ബോധപൂര്‍വം വീഴ്ചവരുത്തി
* വാര്‍ഡുകളോട് വിവേചനം, പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്ക് കെട്ടിടനമ്പര്‍ നല്‍കുന്നതില്‍ രാഷ്ട്രീയ പക്ഷപാതിത്വം

More Citizen News - Kasargod