നേട്ടവും കോട്ടവും; കുമ്പള പഞ്ചായത്ത്‌

Posted on: 10 Aug 2015കുമ്പള: സ്വാതന്ത്ര്യത്തിനുമുമ്പ് മദ്രാസ് സംസ്ഥാനത്തിലെ ദക്ഷിണകാനറ ജില്ലയുടെ ഭാഗമായിരുന്നു കുമ്പള. ആരിക്കാടി, ബംബ്രാണ, കോയിപ്പാടി, മൊഗ്രാല്‍ തുടങ്ങിയ വില്ലേജ് പഞ്ചായത്തുകളാണ് 1969-ല്‍ സംയോജിപ്പിച്ച് കുമ്പള പഞ്ചായത്തായത്. ആദ്യകാലത്ത് കോണ്‍ഗ്രസിന്റെ കൈകളിലായിരുന്നു പഞ്ചായത്തിന്റെ ഭരണം. പിന്നീട് മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ യു.ഡി.എഫ്. ഭരണം നടത്തുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിലെ പി.എച്ച്.റംലയുടെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയാണുണ്ടായിരുന്നത്. പാര്‍ട്ടിയുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് അവര്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. ഏതാനും മാസം മുമ്പ് നടന്ന ഉപതിരഞ്ഞെടുപ്പില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി പി.എച്ച്.റംല മത്സരിച്ചെങ്കിലും തോറ്റു. അപകടാവസ്ഥയിലായ കുമ്പള പഞ്ചായത്ത് കെട്ടിടവും പട്ടണത്തിലെയും പരിസരപ്രദേശങ്ങളിലെയും കുടിവെള്ള പ്രശ്‌നവുമാണ് ഇവിടെ ഏറെ ചര്‍ച്ചയാവുന്നത്. നെല്ല്, അടയ്ക്ക, കൃഷി വ്യാപകമായുള്ള ഈ മേഖലയിലെ കാര്‍ഷികപ്രശ്‌നങ്ങളും ചര്‍ച്ചയാവും. യു.പി.താഹിറ യൂസഫ് പ്രസിഡന്റായ യു.ഡി.എഫ്. ഭരണസമിതിയാണ് ഇപ്പോള്‍ കുമ്പളയില്‍ ഭരണം നടത്തുന്നത്.
ഭരണം നിലനിര്‍ത്തും -യു.പി.താഹിറ യൂസഫ്
(കുമ്പള പഞ്ചായത്ത് പ്രസിഡന്റ്)

* ഗ്രാമീണ റോഡുകള്‍ ഗതാഗതയോഗ്യമാക്കി.
* പട്ടണങ്ങളിലെ അനുബന്ധ റോഡുകള്‍ കോണ്‍ക്രീറ്റ്, ഇന്റര്‍ലോക്ക് ചെയ്തു.
* ഒന്നൊഴികെ മുഴുവന്‍ അങ്കണവാടികള്‍ക്കും കെട്ടിടം പണിതു.
* പഞ്ചായത്തിന് ഐ.എസ്.ഒ. അംഗീകാരം.
* പഞ്ചായത്തിലെ 23 വാര്‍ഡുകളിലും ഗ്രാമസേവാകേന്ദ്രങ്ങള്‍.
* ക്ഷേമപെന്‍ഷനുകളുടെ കാര്യക്ഷമമായ വിതരണം.
* അങ്കണവാടികള്‍ ശിശുസൗഹൃദമാക്കി.
* ഭവനരഹിതര്‍ക്ക് 250 വീടുകള്‍ നിര്‍മിച്ചുനല്കി.
* ഉണ്ടാര്‍ ഉളുവാര്‍ എല്‍.പി. സ്‌കൂളില്‍ പെഡഗോഗിക് പാര്‍ക്ക്.
* തൊഴില്‍പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിച്ചു.
* ഉളുവാറില്‍ കളിസ്ഥല നിര്‍മാണം.
* പഞ്ചായത്തോഫീസില്‍ വൈദ്യുതി ലാഭിക്കുന്നതിനായി സൗരോര്‍ജ വിളക്കുകള്‍ സ്ഥാപിച്ചു.
* പട്ടികജാതി/പട്ടികവര്‍ഗ കോളനികളുടെ നവീകരണം.
* കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി കാര്യക്ഷമമായി പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കി.
* തെരുവുവിളക്കുകള്‍ സ്ഥാപിക്കുകയും കേടായവ ആറ്റകുറ്റപ്പണി നടത്തി ഉപയോഗയോഗ്യമാക്കി.
വികസനമുരടിപ്പിന്റെ അഞ്ചുവര്‍ഷം
രമേശ് ഭട്ട് (പ്രതിപക്ഷ നേതാവ്, ബി.ജെ.പി.)
* ഗ്രാമീണ റോഡുകള്‍ തകര്‍ന്ന് തരിപ്പണമായി.
* കുടിവെള്ളത്തിനായി പദ്ധതികളൊന്നും നടപ്പാക്കിയില്ല.
* അപകടാവസ്ഥയിലായ കുമ്പള ബസ്സ്റ്റാന്‍ഡ് സമുച്ചയം പുതുക്കിപ്പണിയാന്‍ കഴിഞ്ഞില്ല.
* കുമ്പള പട്ടണത്തിന്റെ വികസനത്തിനായി ഒരു നടപടിയുമെടുത്തില്ല.
* കാര്‍ഷികമേഖലയെ അവഗണിച്ചു.
* ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ സംവിധാനങ്ങളേര്‍പ്പെടുത്തിയില്ല.
* ഭവനനിര്‍മാണ പദ്ധതിയില്‍ വീട് ലഭിച്ചവര്‍ നാമമാത്രം.
* തീരദേശമേഖലയെ അവഗണിച്ചു.
* പട്ടണത്തിലും പരിസരങ്ങളിലും തെരുവുവിളക്കുകളില്ല.
ജനസംഖ്യ:
46,691
വിസ്തീര്‍ണ്ണം: 40.185 ച.കി.മീ.
വാര്‍ഡുകള്‍: 23
കക്ഷിനില
മുസ്ലിം ലീഗ്-11
ബി.ജെ.പി.-6
കോണ്‍ഗ്രസ്-3
സി.പി.എം.-2
ജനതാദള്‍ (യു)-1

More Citizen News - Kasargod