വാഴക്കുലകള്‍ സാക്ഷി; ഇത് സഹകരണത്തിന്റെ ജൈവ കൈയൊപ്പ്‌

Posted on: 10 Aug 2015ചെര്‍ക്കള: ജോലിസമയങ്ങളിലെ ഇടവേളകളിലെ ജീവനക്കാരുടെ അധ്വാനത്തിന് വിളവിന്റെ നൂറുമേനി. കാര്‍ഷികോത്പന്നങ്ങളുടെ സംഭരണവും വിപണനവും മാത്രമല്ല, ജൈവ വാഴക്കൃഷിയും തങ്ങള്‍ക്ക് വഴങ്ങുമെന്ന് തെളയിക്കുകയാണ് നീര്‍ച്ചാലിലെ കാസര്‍കോട് കര്‍ഷക സഹകരണ വിപണനസംഘം. ഓഫീസിനുമുന്നില്‍ കുലച്ചുനില്‍ക്കുന്ന 85 വാഴകള്‍ ഇത് സാക്ഷ്യപ്പെടുത്തും.
സഹകരണവകുപ്പ് നടപ്പാക്കുന്ന വിഷമുക്ത പച്ചക്കറി പദ്ധതിയായ 'സുവര്‍ണകേരള'ത്തിന്റെ ഭാഗമായാണ് റോബസ്റ്റ ഇനത്തില്‍പ്പെട്ട നൂറ് വാഴകള്‍ നട്ടത്. ഓണവിപണി ലക്ഷ്യമിട്ട് കഴിഞ്ഞ ആഗസ്തിലായിരുന്നു സംഘത്തിന്റെ ഉടമസ്ഥതയിലുള്ള ചുറ്റുമതിലോടുകൂടിയ ഒന്നര ഏക്കറിലധികം വരുന്ന സ്ഥലത്ത് വാഴകള്‍ നട്ടത്. പൂര്‍ണമായും ജൈവവളമാണ് ഉപയോഗിച്ചത്.

സംഘം സെക്രട്ടറി ബി.എസ്.അപ്പണ്ണയുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ രാവിലെ എത്തിയാണ് വാഴ നനയ്ക്കുന്നത്. പ്രസിഡന്റ് പത്മരാജ പട്ടാജെയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങളും സഹകരണസംഘം അസി. റജിസ്ട്രാര്‍ പി.എം.മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിലുള്ള സഹകരണ വകുപ്പ് ജീവനക്കാരും പ്രോത്സാഹനവുമായെത്തി. വാഴക്കൃഷിയിലെ വിജയത്തോടെ കൂടുതല്‍ നേന്ത്രവാഴകളും പച്ചക്കറികളും കൃഷിചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഭരണസമിതിയും ജീവനക്കാരും.

ജില്ലയിലെ വിവിധ സഹകരണ സ്ഥാപനങ്ങളിലുണ്ടാക്കിയ ജൈവപച്ചക്കറി വില്പനയ്ക്ക് ഓണത്തിന് പ്രത്യേക ചന്തയൊരുക്കുമെന്ന് സഹകരണ സംഘം ജോയിന്റ് റജിസ്ട്രാര്‍ എം.വിജയന്‍ പറഞ്ഞു. കുടുംബശ്രീ യൂണിറ്റുകളില്‍നിന്നും നാട്ടിന്‍പുറങ്ങളിലെ ജൈവകര്‍ഷകരില്‍നിന്നുമുള്ള പച്ചക്കറികളും ഇവിടെ വില്‍ക്കും.

മഞ്ചേശ്വം, പെര്‍ള, പനയാല്‍, പനത്തടി എന്നീ സഹകരണബാങ്കുകളിലാണ് സുവര്‍ണ ശൃംഖലയെന്ന പേരില്‍ പച്ചക്കറിച്ചന്തയൊരുക്കുക. വിഷമുക്ത പച്ചക്കറി ക്കൃഷിയെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

More Citizen News - Kasargod