ഇരകള്‍ 'പുറത്ത് ' എന്‍ഡോസള്‍ഫാന്‍ സമര സമിതികള്‍ക്കുള്ളില്‍ 'സമരം'

Posted on: 10 Aug 2015കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത സമരങ്ങള്‍ക്കുവേണ്ടി മുന്നിട്ടിറങ്ങിയ സമരസമിതികള്‍ തമ്മില്‍ 'പോര്'. ജില്ലയിലെ വിവിധ സമിതികള്‍ ചേര്‍ന്ന് അടുത്തിടെ രൂപവത്കരിച്ച എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സംയുക്തസമര സമിതിയില്‍ നിന്ന് ട്രഷറര്‍ അടക്കമുള്ളവര്‍ രാജിവെച്ചു. സംയുക്ത സമരസമിതിക്ക് നക്‌സല്‍ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് മുളിയാര്‍ പുഞ്ചിരി ക്ലബ് ഭാരവാഹികള്‍ കൂട്ടായ്മയില്‍ നിന്ന് രാജിവെച്ചത്. സംയുക്ത സമരസമിതി ട്രഷറര്‍ കെ.ബി. മുഹമ്മദ് കുഞ്ഞി, കണ്‍വീനര്‍മാരായ ബി.അഷ്‌റഫ്, ബി.സി. കുമാരന്‍, സമിതി അംഗമായ ശരീഫ് കൊടവഞ്ചി എന്നിവരാണ് രാജിവെച്ചത്. പുഞ്ചിരി ക്ലബ് യോഗത്തിലാണ് തീരുമാനം.
എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സംയുക്ത സമരസമിതി മുള്ളേരിയയില്‍ നടത്തിയ മേഖലാ കണ്‍വെന്‍ഷനാണ് വിവാദമായത്. സംയുക്ത സമര സമിതി ജനറല്‍ കണ്‍വീനര്‍ അടക്കം പങ്കെടുത്ത കണ്‍വെന്‍ഷനില്‍ 'ഞാറ്റുവേല' പ്രവര്‍ത്തകര്‍ കടന്നു വന്ന് ലഘുലേഖ വിതരണം ചെയ്തു. ഇതിനെ തുടര്‍ന്ന് ഞാറ്റുവേല പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിടുകയും ചെയ്തു.
ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പ്രവര്‍ത്തകര്‍ പത്രസമ്മേളനം നടത്തി ആവശ്യപ്പെട്ടു. യോഗത്തില്‍ ഞാറ്റുവേല പ്രവര്‍ത്തകരുടെ പുസ്തകം പ്രകാശനം ചെയ്തത് അന്വേഷിക്കണമെന്നാണ് പീഡിത ജനകീയ മുന്നണി സെക്രട്ടറി കെ.പ്രവീണ, പ്രസിഡന്റ് സുഭാഷ് ചീമേനി എന്നിവര്‍ ആവശ്യപ്പെട്ടത്. ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുന്നതുവരെ കാര്യങ്ങളെത്തി. പുഞ്ചിരി ക്ലബ് പ്രവര്‍ത്തകര്‍ രാജിവെച്ചത് സംബന്ധിച്ച് കത്ത് ലഭിച്ചിട്ടില്ലെന്ന് ചെയര്‍മാന്‍ അംബികാസുതന്‍ മാങ്ങാട് പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണി രണ്ടായി പിരിഞ്ഞതുമുതല്‍ പേരിന്റെ പേരില്‍ ഉടക്ക് വന്നിരുന്നു. 'പേരിന്റെ' പ്രശ്‌നത്തില്‍ കോടതിയില്‍ പോവുകയും കോടതി നിര്‍ദേശ പ്രകാരം ഒരു വിഭാഗം പേര് മാറ്റി സമ്മേളനം നടത്തുകയും ചെയ്തു. എന്‍ഡോസള്‍ഫാന്‍ പുനരധിവാസ സെല്ലില്‍ പീഡിത മുന്നണിയുടെ ഒരു പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്നത് വളരെ മുമ്പുള്ള ആവശ്യമായിരുന്നു. എന്നാല്‍ സമിതികളുടെ തര്‍ക്കം മൂലം മന്ത്രി കെ.പി. മോഹനന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇത് വേണ്ടെന്ന് വെച്ചു.
ദുരിതബാധിതരുടെ പൊതു ആവശ്യത്തിനുവേണ്ടി ചേരിതിരിഞ്ഞാണ് ഇപ്പോള്‍ സമരങ്ങള്‍ നടത്തുന്നത്. അതിനാല്‍ ഉദ്ദേശിച്ച ഫലപ്രാപ്തിയില്‍ സമരം എത്തുന്നുമില്ല.

More Citizen News - Kasargod