അങ്ങനെ ദേശീയപാതയെ അധികൃതര്‍ 'കുഴിപ്പാത'യാക്കി

Posted on: 10 Aug 2015കുമ്പള: ദേശീയപാതയെ എങ്ങനെ പാതപോലുമല്ലാതാക്കാം എന്നതിന് വേറെ എങ്ങോട്ടും പോകേണ്ട; കുമ്പളയ്ക്കും ഷിറിയയ്ക്കും ഇടയില്‍ യാത്ര ചെയ്താല്‍ മതി. പൂര്‍ണ ഗര്‍ഭിണികളെയും കൊണ്ട് മംഗലാപുരം ആസ്​പത്രിയിലേക്ക് പോകുന്നവര്‍ 'ഹൈ റിസ്‌ക്' ആണ് എടുക്കുന്നത്. റോഡിലെ വന്‍ കുഴികളില്‍ വീണ് വാഹനത്തിനുള്ളില്‍ തന്നെ പ്രസവം നടക്കുമോ എന്ന പേടിയിലാണ് ജനങ്ങള്‍. റോഡ് എന്നത് സങ്കല്പം മാത്രമായി തീര്‍ന്നിരിക്കുകയാണിവിടെ
ദിവസവും ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. മംഗലാപുരം വിമാനത്താവളം, ആസ്​പത്രികള്‍ എന്നിവിടങ്ങളിലേക്ക് പോകുന്നവരാണ് ഏറ്റവും അധികം ദുരിതമനുഭവിക്കുന്നത്. ഏതാണ്ട് അഞ്ചുകിലോമീറ്ററോളം റോഡില്ലാത്ത അവസ്ഥയാണ്. ദിവസവും രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഇവിടെയുണ്ടാകുന്നത്.
കുമ്പള, ആരിക്കാടി ഭാഗങ്ങളിലാണ് റോഡ് തന്നെ ഇല്ലാത്ത അവസ്ഥയുള്ളത്. കുമ്പള-ഷിറിയ പാലങ്ങള്‍ക്ക് സമീപവും വന്‍കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. കോണ്‍ക്രീറ്റ് കമ്പികള്‍ ഇളകി പുറത്തുവന്ന ഷിറിയപാലം ഇതോടെ കൂടുതല്‍ അപകടത്തിലായി. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്ന് അറ്റകുറ്റപ്പണി നടത്തിയെങ്കിലും മഴ ശക്തമായതോടെ ഇതും കുളമായി. അറ്റകുറ്റപ്പണിയുടെ ഫലം ഒരു ദിവസം പോലും കിട്ടിയില്ലെന്നതാണ് സത്യം.
റോഡിലെ കുഴികളില്‍ വീണ് അപകടങ്ങള്‍ ഉണ്ടാകുന്നത് ഇവിടെ നിത്യകാഴ്ചയാണ്. മൂന്ന് വര്‍ഷം മുമ്പാണ് ഈ മേഖലയില്‍ പൂര്‍ണതോതിലുള്ള ടാറിങ് നടന്നത്. റോഡ് നിര്‍മാണത്തില്‍ അപാകമുണ്ടെന്ന് നാട്ടുകാര്‍ നേരത്തെ തന്നെ പരാതി പറഞ്ഞിരുന്നതാണ്.

More Citizen News - Kasargod