കാസര്‍കോട് മത്സ്യബന്ധന തുറമുഖ നിര്‍മാണം അവസാനഘട്ടത്തിലേക്ക്‌

Posted on: 10 Aug 2015കാസര്‍കോട്: നിര്‍ദിഷ്ട കാസര്‍കോട് മത്സ്യബന്ധന തുറമുഖനിര്‍മ്മാണം അവസാനഘട്ടത്തിലേക്ക്. പുലിമുട്ടുകള്‍ക്കിടയിലുള്ള ഡ്രഡ്ജിങ്, വൈദ്യുതീകരണം എന്നിവയുടെ പണി അവസാനഘട്ടത്തിലാണ്. ഇവ പൂര്‍ത്തിയാകുന്ന മുറയ്ക്ക് കാസര്‍കോട് മത്സ്യബന്ധന തുറമുഖം തുറന്ന് കൊടുക്കും. ഒരേസമയം മുന്നൂറിലേറെ മത്സ്യബന്ധന ബോട്ടുകള്‍ക്ക് നങ്കൂരമിടാനുള്ള സൗകര്യമാണ് കാസര്‍കോട് മത്സ്യബന്ധന തുറമുഖത്തില്‍ ഉണ്ടാകുക. ഇതില്‍ത്തന്നെ ഫൈബര്‍ബോട്ടുകള്‍ക്കും പരമ്പരാഗത തോണികള്‍ക്കും നങ്കൂരമിടാനും സാധിക്കും. സപ്തംബറില്‍ തുറമുഖം ഉദ്ഘാടനം ചെയ്യപ്പെടുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.
കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ രാഷ്ട്രീയ കൃഷിവികാസ് യോജനയില്‍ ഉള്‍പ്പെടുത്തി 29.75 കോടി രൂപ ചെലവിലാണ് കാസര്‍കോട്ട് മത്സ്യബന്ധന തുറമുഖത്തിന്റെ നിര്‍മ്മാണം. കീഴൂര്‍ കടപ്പുറത്താണ് ഇതിന്റെ പുലിമുട്ട് നിര്‍മിച്ചിരിക്കുന്നത്. ബാക്കി അനുബന്ധഘടകങ്ങള്‍ കസബ കടപ്പുറത്തുമാണ്. 570ഉം 600ഉം മീറ്റര്‍ നീളമുള്ള രണ്ട് പുലിമുട്ട് , ലേലപ്പുര, പാര്‍ക്കിങ് ഏരിയ, വാര്‍ഫ്, ട്രീറ്റ്‌മെന്റ് പ്ലാന്റ്, പുലിമുട്ടിലേക്കുള്ള പ്രവേശന റോഡ്, ജലവിതരണത്തിനുള്ള സംവിധാനങ്ങള്‍, ഗേറ്റ് ഹൗസ്, ചുറ്റുമതില്‍, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയുടെ നിര്‍മ്മാണം നേരത്തെ പൂര്‍ത്തിയായി. ഒന്പത് കോടിരൂപ ചെലവില്‍ ഡ്രെഡ്ജിങ് ഉള്‍പ്പെടെയുള്ള തുറമുഖത്തിന്റെ രണ്ടാംഘട്ട പ്രവൃത്തികളാണ് ഇപ്പോള്‍ പൂര്‍ത്തീകരണഘട്ടത്തിലുള്ളത്. തുറമുഖം യാഥാര്‍ഥ്യമായാല്‍ തദ്ദേശവാസികളായ 1200-ഓളം പേര്‍ക്ക് നേരിട്ടും 4000-ത്തോളം പേര്‍ക്ക് പരോക്ഷമായും ഇവിടെ തൊഴില്‍ ലഭിക്കും.
അതേസമയം അനധികൃത മണലെടുപ്പ് ലേലപ്പുരയടക്കമുള്ള കസബ കടപ്പുറത്തെ കെട്ടിടങ്ങളെ കടലെടുപ്പ് ഭീഷണിയിലാഴ്ത്തുന്നു. ലേലപ്പുരയോടുചേര്‍ന്ന് വന്‍തോതില്‍ മണലെടുത്തുപോയതിനാല്‍ ഈ ഭാഗത്തുള്ള മരങ്ങളും അഴിമുഖത്തേക്ക് മറിഞ്ഞനിലയിലാണ്. നേരത്തേ പുലിമുട്ടിന്റെ ഭാഗത്ത് മണലെടുപ്പ് വ്യാപകമായിരുന്നു. ഇതേക്കുറിച്ച് പരാതിപ്പെട്ടിട്ടും പോലീസ് അടക്കമുള്ള അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു. നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന തുറമുഖ എന്‍ജിനീയറിങ് വകുപ്പും ഇതിനെതിരെ നടപടിയെടുത്തിട്ടില്ല.

More Citizen News - Kasargod