ഒളിമ്പ്യന്‍ സുമേഷ് വാര്യര്‍ക്ക് ജന്മനാടിന്റെ ആദരം

Posted on: 09 Aug 2015ചെറുവത്തൂര്‍: അമേരിക്കയിലെ ലോസ് ആഞ്ജലിസില്‍ നടന്ന സ്‌പെഷ്യല്‍ ഒളിമ്പിക്‌സ് വോളിബോള്‍ മത്സരത്തില്‍ ഇന്ത്യന്‍ ടീമിനെ നയിച്ച് വെങ്കലമെഡലുമായി ജന്മനാട്ടിലെത്തിയ സുമേഷ് വാര്യര്‍ക്ക് ജന്മനാടിന്റെ ആദരം. മഹാകവി കുട്ടമത്ത് സ്മാരകസമിതിയുടെ നേതൃത്വത്തില്‍ കുട്ടമത്ത് പൊന്‍മാലത്ത് പൗരസ്വീകരണം നല്‍കി.
ശനിയാഴ്ച ഉച്ചയ്ക്ക് 3.30ന് ഏറനാട് എക്‌സ്​പ്രസില്‍ ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ സുമേഷിനെ സ്വീകരിക്കാന്‍ ഒട്ടേറെപ്പേര്‍ എത്തി. മഹാകവി കുട്ടമത്ത് സ്മാരകസമിതി പ്രസിഡന്റ് ഡോ. പി.വി.കൃഷ്ണകുമാര്‍, കാഞ്ഞങ്ങാട് റോട്ടറി സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് ടി.മുഹമ്മദ് അസ്ലം, ജ്യോതി വാരിയര്‍, മഹിളാസമാജം പ്രസിഡന്റ് ബസുമതി വാരസ്യാര്‍, കാടങ്കോട് ഫിഷറീസ് ഹൈസ്‌കൂള്‍ പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മ 'മഷിപ്പച്ച' ഭാരവാഹി ജയരാജ് തുടങ്ങിയവര്‍ ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു.
തുടര്‍ന്ന് മുത്തുക്കുടകളുടെയും ബാന്‍ഡ് മേളത്തിന്റെയും അകമ്പടിയോടെ തുറന്ന വാഹനത്തില്‍ സുമേഷിനെ പൊന്‍മാലത്തേക്ക് ആനയിച്ചു. പൊന്‍മാലത്ത് നടന്ന ആദരസമ്മേളനം തഹസില്‍ദാര്‍ വൈ.എം.സി.സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം.അച്യുതന്‍ ഉപഹാരസമര്‍പ്പണം നടത്തി. ഡോ. പി.വി.കൃഷ്ണകുമാര്‍ അധ്യക്ഷതവഹിച്ചു. റോട്ടറി സ്‌കൂള്‍ പ്രഥമാധ്യാപിക ബീന സുകു, അഡ്വ. ഗംഗാധരന്‍ കുട്ടമത്ത്, സജീവന്‍ കുട്ടമത്ത്, പി.ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod