രണ്ടാം ശനിയാഴ്ചയും പ്രവര്‍ത്തിച്ച് നഗരസഭകളും വിദ്യാഭ്യാസ ഓഫീസും

Posted on: 09 Aug 2015കലാമിന് ആദരം

കാസര്‍കോട്: അന്തരിച്ച മുന്‍രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്ദുല്‍ കലാമിന് ആദരമര്‍പ്പിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍. കാസര്‍കോട്, കാഞ്ഞങ്ങാട് നഗരസഭകളും ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ ഓഫീസുകളുമാണ് രണ്ടാം ശനിയാഴ്ചയും പ്രവര്‍ത്തിച്ചത്. താന്‍ മരിച്ചാല്‍ അവധി നല്‍കരുതെന്നും പകരം ഒരുദിവസം അധികമായി പ്രവര്‍ത്തിക്കണമെന്നുമുള്ള കലാമിന്റെ ആഗ്രഹസഫലീകരണത്തിനായാണ് ഓഫീസുകള്‍ പ്രവര്‍ത്തിച്ചത്.
കാസര്‍കോട് നഗരസഭയില്‍ 90 ശതമാനം ജീവനക്കാരും ജോലിക്ക് ഹാജരായി. എന്‍ജിനീയറിങ്, റവന്യൂ, ആരോഗ്യ വിഭാഗങ്ങളുള്‍പ്പെടെ സാധാരണഗതിയില്‍ പ്രവര്‍ത്തിച്ചുവെന്ന് സെക്രട്ടറി വിനയന്‍ പറഞ്ഞു. ഭരണസമതിയുമായി ആലോചിച്ചശേഷമാണ് ജീവനക്കാര്‍ രണ്ടാംശനി പ്രവൃത്തിദിവസമാക്കാന്‍ തീരുമാനിച്ചത്. കാഞ്ഞങ്ങാട് നഗരസഭയും ശനിയാഴ്ച പ്രവര്‍ത്തിച്ചു.
കാസര്‍കോട് ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ ഓഫീസുകളും ശനിയാഴ്ച പ്രവര്‍ത്തിച്ചു. ഡി.ഡി.ഇ., ഡി.ഇ.ഒ., എ.ഇ.ഒ. ഓഫീസുകളിലായി 164-ല്‍ 156 ജീവനക്കാരും ഹാജരായി. രാവിലെ ഡി.ഡി.ഇ. ഓഫീസില്‍ അബ്ദുല്‍ കലാമിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ജീവനക്കാര്‍ ജോലി ആരംഭിച്ചത്. ഉച്ചയ്ക്കുശേഷം കലാമിനെക്കുറിച്ചുള്ള 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിച്ചു.

More Citizen News - Kasargod