മുളിയാര്‍: ഭരണം നിലനിര്‍ത്താന്‍ സി.പി.എം.; തിരിച്ചുപിടിക്കാന്‍ കരുതലോടെ യു.ഡി.എഫ്.

Posted on: 09 Aug 2015ബോവിക്കാനം: പിറവിതൊട്ട് തുടര്‍ച്ചയായി യു.ഡി.എഫ്. ഭരിച്ചിരുന്ന മുളിയാര്‍ പഞ്ചായത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് സി.പി.എം. ഭരണം പിടിച്ചത്. 15 വാര്‍ഡുകളില്‍ സ്വതന്ത്രരുള്‍പ്പെടെ സി.പി.എമ്മിന് ഏഴും യു.ഡി.എഫിന് ആറും സീറ്റാണ് ലഭിച്ചത്. ഒന്നില്‍ ബി.ജെ.പി.യും ഒരു സീറ്റില്‍ മുസ്!ലിം ലീഗ് വിമതനുമാണ് വിജയിച്ചത്.
ലീഗ്വിമതനായി മത്സരിച്ച് വിജയിച്ച കെ.എന്‍.ഹനീഫയുടെ പിന്തുണയോടെയാണ് സി.പി.എം. ഭരണം നേടിയത്. സ്വതന്ത്ര്യസമരസേനാനിയും കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയുമായിരുന്ന മേലത്ത് നാരായണന്‍ നമ്പ്യാരായിരുന്നു 16 വര്‍ഷം പഞ്ചായത്തിന്റെ ചുക്കാന്‍പിടിച്ചത്. യു.ഡി.എഫിന്റെ കുത്തകയായിരുന്ന പഞ്ചായത്തില്‍ സി.പി.എം. ഭരണം നേടിയത് യു.ഡി.എഫ്. കേന്ദ്രങ്ങളില്‍ ഞെട്ടലുളവാക്കിയിരുന്നു. യു.ഡി.എഫിലെ തൊഴുത്തില്‍ക്കുത്താണ് ഭരണം നഷ്ടപ്പെടാനിടയാക്കിയതെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
ബോവിക്കാനം ടൗണ്‍ നവീകരണം, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള ബഡ്‌സ് സ്‌കൂള്‍, പട്ടികജാതി കോളനികളില്‍ കുടിവെള്ളപദ്ധതി, സാംസ്‌കാരികനിലയം, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ പദ്ധതി, ഹരിതഗ്രാമപദ്ധതി, എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി കോടികളുടെ വികസന പദ്ധതി തുടങ്ങിയവയാണ് സി.പി.എം. ചൂണ്ടിക്കാട്ടുന്നത്.
എല്‍.ഡി.എഫിന്റെ കഴിഞ്ഞ തിരഞ്ഞെടുപ്പിലിറക്കിയ പ്രകടനപത്രികയിലെ സ്വപ്‌നപദ്ധതികളില്‍ ഒന്നുപോലും നടപ്പാക്കിയില്ലെന്നും യു.ഡി.എഫ്. സര്‍ക്കാര്‍ അനുവദിച്ച എം.എല്‍.എ. വികസന ഫണ്ട് മുളിയാറില്‍ രാഷ്ട്രീയലാഭത്തിനായി ഉപയോഗിക്കുകയായിരുന്നുവെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
എന്‍!ഡോസള്‍ഫാന്‍ വിഷമഴയില്‍ ഏറെപേര്‍ ദുരിതം പേറുന്നതാണ് മുളിയാറിന്റെ മണ്ണ്. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെയും വനംവകുപ്പിന്റെയും അധീനതയിലാണ് ഭൂരിപക്ഷം പ്രദേശങ്ങളും. മൂന്നിലൊന്ന് പ്രദേശങ്ങളില്‍ മാത്രമാണ് ജനവാസമുള്ളത്. ഭരണം തിരിച്ചുപിടിക്കുന്നതിന് കരുതലോടെയാണ് യു.ഡി.എഫ്. നീങ്ങുന്നത്. നിലനിര്‍ത്താന്‍ സി.പി.എമ്മും.
മുഖച്ഛായ മാറ്റിയ വികസനം -വി.ഭവാനി
പ്രസിഡന്റ്, മുളിയാര്‍ ഗ്രാമപ്പഞ്ചായത്ത്

*ജനങ്ങളുടെ ചിരകാല സ്വപ്‌നമായിരുന്ന ബോവിക്കാനം ടൗണ്‍ നവീകരണപദ്ധതി നടപ്പാക്കി.
*ബോവിക്കാനം ടൗണില്‍ എല്ലാവിധ സൗകര്യങ്ങളുമുള്ള ശുചിമുറി പണിതു.
*എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായവര്‍ക്ക് ബഡ്‌സ് സ്‌കൂള്‍ തുടങ്ങി. പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ആരംഭിച്ച് 200 രോഗികളെ പരിചരിക്കുന്നു.
*10 അങ്കണവാടികള്‍ക്ക് പുതിയ കെട്ടിടവും മറ്റ് അടിസ്ഥാനസൗകര്യവുമൊരുക്കി.
* 15 പട്ടികജാതി കുടുംബങ്ങളില്‍ കുടിവെള്ള പദ്ധതിയൊരുക്കി. കമ്യൂണിറ്റി ഹാളുകള്‍ പഠനകേന്ദ്രമാക്കി മുന്നേറ്റം പദ്ധതി നടപ്പാക്കി.
*സാംസ്‌കാരികനിലയം പണിതു. ഹരിതഗ്രാമം പദ്ധതി നടപ്പാക്കി. കൃഷിഭവന് കെട്ടിടമൊരുക്കി.
സ്വജനപക്ഷപാതവും വിഭാഗീയതയും മുഖമുദ്ര
-ഷെറീഫ് കൊടവഞ്ചി,
പ്രതിപക്ഷ നേതാവ്, മുസ്!ലിം ലീഗ്

*പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണത്തില്‍ ഒരു വീടുപോലും നല്‍കാന്‍ കഴിഞ്ഞില്ല.
*ഭരണസമിതിയുടെ ജനാധിപത്യവിരുദ്ധവും ജനദ്രോഹവും ഏകപക്ഷീയവുമായ സമീപനം ഭരണത്തിന്റെ കൂട്ടായ്മയ്ക്ക് കോട്ടംതട്ടി.
*സ്വജനപക്ഷപാതവും അഴിമതിയും വിഭാഗീയതയുമായിരുന്നു അഞ്ചുവര്‍ഷത്തെ ഭരണത്തിന്റെ മുഖമുദ്ര.
*കാര്‍ഷികമേഖലയെ പാടെ അവഗണിച്ചു. കവുങ്ങ് കര്‍ഷകര്‍ക്ക് തുരിശും വളവും നല്‍കിയില്ല.
*തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതിലും അറ്റകുറ്റപ്പണി നടത്തുന്നതിലും പരാജയപ്പെട്ടു.
*പഞ്ചായത്ത് ഭരണസമിതിക്ക് ഒരു പങ്കുമില്ലാത്ത ടൗണ്‍ നവീകരണത്തിന് തുക യു.ഡി.എഫ്. സര്‍ക്കാറാണ് അനുവദിച്ചത്. എം.എല്‍.എ. വികസനനിധി രാഷ്ട്രീയനേട്ടത്തിന് ഉപയോഗപ്പെടുത്തി.
ജനസംഖ്യ:
29011
വിസ്തീര്‍ണം: 45.75 ച.കി.മി.
വാര്‍ഡുകള്‍:
15
കക്ഷിനില
സി.പി.എം. - 6
സി.പി.എം.സ്വത. - 1
മുസ്!ലിം ലീഗ് വിമ.- 1
മുസ്!ലിം ലീഗ് -5
കോണ്‍ഗ്രസ് -1

More Citizen News - Kasargod