ചെക്‌പോസ്റ്റുകള്‍ വിജിലന്‍സ് നിരീക്ഷണത്തില്‍

Posted on: 09 Aug 2015കാസര്‍കോട്: അതിര്‍ത്തി ചെക്‌പോസ്റ്റുകളെ വിജിലന്‍സ് മുഴുവന്‍ സമയവും നിരീക്ഷണത്തിലാക്കി. ഓണക്കാലത്ത് ചെക്‌പോസ്റ്റുകളില്‍ നികുതിവെട്ടിപ്പ് നടത്തി സാധനങ്ങള്‍ കടത്തുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണിത്. ചെക്‌പോസ്റ്റുകള്‍ കടക്കുന്ന വാഹനങ്ങളില്‍നിന്ന് ഉദ്യോഗസ്ഥര്‍ പണം കൈപ്പറ്റുന്നതായും പരാതി ഉയര്‍ന്നതോടെയാണ് നിരീക്ഷണത്തിന് സ്ഥിരം സംവിധാനമൊരുക്കിയത്.
എക്‌സൈസ്, വില്പന നികുതി, ആര്‍.ടി.ഒ. ചെക്‌പോസ്റ്റുകളിലാണ് നിരീക്ഷണം. പകല്‍സമയങ്ങളില്‍ വിജിലന്‍സിലെ ഒരുദ്യോഗസ്ഥന്‍ ഇവിടങ്ങളില്‍ ഉണ്ടാകും. രാത്രി ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധനകളും നടത്തും. ഓണം ലക്ഷ്യമിട്ട് സ്​പിരിറ്റുള്‍പ്പെടെ അതിര്‍ത്തി കടന്നെത്താനുള്ള സാധ്യത അധികൃതര്‍ തള്ളുന്നില്ല. വെള്ളിയാഴ്ച രാത്രി മഞ്ചേശ്വരം എക്‌സൈസ് ചെക്‌പോസ്റ്റില്‍ മിന്നല്‍ പരിശോധന നടത്തിയെങ്കിലും ക്രമക്കേട് കണ്ടെത്താന്‍ സാധിച്ചില്ലെന്ന് വിജിലന്‍സ് ഡിവൈ.എസ്.പി. രഘുരാമന്‍ പറഞ്ഞു.

More Citizen News - Kasargod