നീലേശ്വരം നഗരസഭയില്‍ അനധികൃത നിര്‍മാണവും േൈകയറ്റവും

Posted on: 08 Aug 2015നീലേശ്വരം: നഗരസഭയില്‍ അനധികൃത നിര്‍മാണവും കൈയേറ്റവും വ്യാപകം. തീരദേശ പരിപാലന നിയമവും റോഡുകളില്‍നിന്ന് നിശ്ചിത അകലം പാലിച്ചുകൊണ്ടുള്ള കെട്ടിട നിര്‍മാണച്ചട്ടവും ലംഘിച്ചുകൊണ്ടാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നഗരത്തില്‍ അടുത്തകാലത്തായി നിര്‍മിച്ച കെട്ടിടങ്ങളില്‍ ചിലത് ഇത്തരത്തിലുള്ള കൈയേറ്റങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്.
തീരദേശ പരിപാലന നിയമപ്രകാരം പുഴകളില്‍നിന്ന് നിശ്ചിത അകലം പാലിച്ചുമാത്രമേ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടുള്ളു എന്നാണ് നിയമം. എന്നാല്‍ ഇതെല്ലാം കാറ്റില്‍പറത്തി രഹസ്യമായി നിര്‍മിക്കുന്ന കെട്ടിടത്തിനെതിരെ നഗരസഭാ സെക്രട്ടറി നടപടി സ്വീകരിച്ചത് കഴിഞ്ഞദിവസമാണ്.
കെട്ടിടനിര്‍മാണത്തിന് അനുമതി നല്കുന്നതിനുമുമ്പ് വ്യക്തമായി പരിശോധന നടത്താതെയാണ് 2011-ല്‍ കിടഞ്ഞിക്കടവിലെ വ്യാപാരസമുച്ചയത്തിന് നഗരസഭ അനുമതി നല്കിയത്. എന്നാല്‍ മൂന്നുവര്‍ഷത്തിനുശേഷം 2014-ല്‍ മാത്രമാണ് നിര്‍മാണം തുടങ്ങിയത്. തീരദേശ പരിപാലന നിയമം ലംഘിച്ചാണ് നിര്‍മാണമെന്ന കണ്ടെത്തലിലാണ് കെട്ടിടനിര്‍മാണത്തിനുള്ള അനുമതി നഗരസഭ റദ്ദാക്കിയത്. ഇതിനെതിരെ കെട്ടിട ഉടമ ട്രൈബ്യൂണലില്‍ ഹര്‍ജി നല്കുകയും നടപടി സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് സമ്പാദിക്കുകയും ചെയ്തു. ഇതിനെതിരെ നഗരസഭ ഹൈക്കോടതിയെ സമീപിച്ചു. ഒരുമാസത്തിനുള്ളില്‍ തീര്‍പ്പ് ഉണ്ടാകണമെന്ന ഹൈക്കോടതിനിര്‍ദേശം വന്നതിനുശേഷമാണ് അതീവ രഹസ്യമായി കോടിതിയുടെ പരിഗണനയിലുള്ള നിര്‍മാണ പ്രശ്‌നം പാടെ അവഗണിച്ച് കെട്ടിട ഉടമ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയത്. രഹസ്യനിര്‍മാണമാണ് വന്‍ പോലീസ് സഹായത്തോടെ നഗരസഭ തടഞ്ഞത്. പഴയ കെട്ടിടത്തിന്റെ മുന്‍ഭാഗം മാത്രം നിലനിര്‍ത്തി പിന്നില്‍ ആധുനിക രീതിയിലുള്ള കെട്ടിടം നിര്‍മിക്കുകയും ഒടുവില്‍ പഴയ കെട്ടിടം പൊളിച്ചുനീക്കിയ സംഭവങ്ങള്‍ നീലേശ്വരം നഗരത്തില്‍ ധാരാളമുണ്ട്.

More Citizen News - Kasargod