നിയന്ത്രണംവിട്ട ബസ് കരയിലേക്ക് കയറ്റല്‍: ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതസ്തംഭനം

Posted on: 08 Aug 2015നീലേശ്വരം: നിയന്ത്രണംവിട്ട് വെള്ളക്കുഴിയിലേക്ക് മറിഞ്ഞ കെ.എസ്.ആര്‍.ടി.സി. ബസ് കയറ്റുന്നതിനെത്തുടര്‍ന്ന് ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. വെള്ളിയാഴ്ച രാവിലെയാണ് കാസര്‍കോട്ടുനിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്നു കെ.എസ്.ആര്‍.ടി.സി. ബസ് മയ്യിച്ചയില്‍ റോഡരികിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞത്. യാത്രക്കാരായ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു.
അപകടത്തില്‍ ബസ് ക്രെയിന്‍ ഉപയോഗിച്ച് വൈകുന്നേരം കരയ്ക്ക് കയറ്റുന്നതിനിടയിലാണ് മണിക്കൂറുകളോളം ദേശീയപാതയില്‍ ഗതാഗതം മുടങ്ങിയത്. മയ്യിച്ച മുതല്‍ നീലേശ്വരം നെടുങ്കണ്ടി വരെ വാഹനങ്ങളുടെ നിരയായിരുന്നു. പല വാഹനങ്ങളും ചായ്യോം, അരയാക്കടവ്, കയ്യൂര്‍, ചെറുവത്തൂര്‍ വഴിയാണ് സര്‍വീസ് നടത്തിയത്. വൈകുന്നേരം വിദ്യാലയങ്ങളില്‍നിന്ന് വരികയായിരുന്ന വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍പ്പെട്ടു. പലരും കിലോമീറ്ററുകളോളം നടന്നാണ് ലക്ഷ്യസ്ഥാനത്തെത്തിയത്. വിദ്യാര്‍ഥികള്‍ ഏറെ വൈകിയിട്ടും വീടുകളില്‍ എത്താത്തത് പരിഭ്രാന്തിയുളവാക്കി. ചാത്തമത്ത്, നീലേശ്വരം പേരോല്‍ വഴി ചെറിയ വാഹനങ്ങള്‍ ഓടിയിരുന്നു.

More Citizen News - Kasargod